ഗാന്ധിയുടെ ആദ്യ തൃശൂർ സന്ദർശനത്തിന് 97 വയസ്സ്
text_fieldsതൃശൂർ: "ചുറ്റുപാടും ഞാൻ കാണുന്ന ഈ മനോഹരമായ സ്മരണകളിൽ കയ്പ് കലർത്തുന്ന ഒന്നുണ്ട്. അത് മനോഹരമായ പ്രദേശത്തെ കളങ്കപങ്കിലമാക്കുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ ശാപങ്ങളാണ്. ഇപ്പോൾ ഒരു കാര്യംകൂടി എന്റെ ശ്രദ്ധക്ക് വിഷയമായിത്തീർന്നിരിക്കുന്നു. ഈ നാട്ടിൽ കണ്ടുകൂടായ്മ എന്നൊരു ശാപവുമുണ്ട്. മനുഷ്യനെ കാണുന്നതുതന്നെ അപകടമാണത്രെ. ഇതാണ് ഹിന്ദുമതമെങ്കിൽ ഞാൻ ഇന്നുതന്നെ അത് കൈവിടും. ഞാൻ സനാതന ഹിന്ദുവാണെന്നാണ് എന്റെ വിചാരം.
തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്ന് ഞാൻ കരുതുന്നു. ഞാൻ ഇവിടെനിന്ന് പോകുന്നത് ആ പ്രതീക്ഷയോടെയാണ്" -നാട്ടിൽ അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നടമാടിയ കാലത്ത് പട്ടികജാതിക്കാരനെ തീണ്ടാപ്പാടകലെ നിർത്തിയതുമടക്കമുള്ള വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ മഹാത്മാ ഗാന്ധിയുടെ വാചകങ്ങളാണ്. മഹാത്മാ ഗാന്ധിയുടെ ആദ്യ തൃശൂർ സന്ദർശനത്തിലായിരുന്നു ഈ പ്രഖ്യാപനം. ആ വരവിന് ഇപ്പോൾ 97 വയസ്സ്. 1995 മാർച്ച് 18നായിരുന്നു ഗാന്ധിയുടെ ആദ്യ തൃശൂർ സന്ദർശനം.
സ്വാതന്ത്ര്യസമര പോരാട്ട കാലത്ത് അഞ്ചു തവണയാണ് ഗാന്ധിജി കേരളത്തിലെത്തിയത്. വിദ്യാലയങ്ങളിലും വീട്ടകങ്ങളിലുമടക്കം സമുദായ നേതാക്കൾ മുതൽ തൊഴിലാളികൾ വരെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി ഗാന്ധി നേരിട്ട് ഇടപഴകി, അവരോടൊപ്പം ഏറെനേരം ചെലവഴിച്ചും അവരോട് സംസാരിച്ചും രാജ്യം സ്വതന്ത്രമാകേണ്ടതിനെക്കുറിച്ചും അയിത്തത്തിനെതിരെയും മനുഷ്യനാവേണ്ടതിനെക്കുറിച്ചും പങ്കുവെച്ചു. 1920 ആഗസ്റ്റിലാണ് ഗാന്ധിയുടെ ആദ്യ കേരള സന്ദർശനം. കോഴിക്കോട് രണ്ടു ദിവസം മാത്രം നീണ്ടുനിന്ന പരിപാടി. കേരളത്തിൽ രണ്ടാമത് സന്ദർശിച്ചപ്പോഴായിരുന്നു ഗാന്ധിയുടെ തൃശൂരിലെ ആദ്യ സന്ദർശനവും. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു രണ്ടാമത്തെ കേരള സന്ദർശനം.
മാർച്ച് എട്ടിന് കൊച്ചിയിലെത്തിയ അദ്ദേഹം 19 വരെ കേരളത്തിലുണ്ടായി. വൈക്കത്ത് ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ച, പുലയ മഹാസഭയുടെ യോഗം എന്നിവയൊക്കെ ഈ സന്ദർശന വേളയിലാണ്.
ആലുവ യൂനിയൻ കൃസ്ത്യൻ കോളജ് സന്ദർശിച്ച് കച്ചേരിമാളികയുടെ മുറ്റത്ത് തേന്മാവിൻ തൈ നട്ടതിനു ശേഷമാണ് ഗാന്ധി തൃശൂരിലെത്തിയത്. വിവേകോദയം സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ച ശേഷമായിരുന്നു തേക്കിൻകാട് മൈതാനിയിലെ പൊതുയോഗം.
അന്ന് നഗരസഭയും നമ്പൂതിരി യോഗക്ഷേമ സഭയും വിദ്യാർഥികളും നൽകിയ മംഗളപത്രങ്ങൾക്ക് മറുപടിയായുള്ള ഗാന്ധിയുടെ പ്രസംഗം ഹൃദ്യമായിരുന്നു. "ഏറെനേരം ഇവിടെ കഴിച്ചുകൂട്ടാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. മനോഹരമായ നാടിനോട് വിടവാങ്ങുകയാണ്. എത്ര നാളത്തേക്കാണെന്ന് അറിഞ്ഞുകൂടാ." വിദ്യാർഥികളും വിവിധ സംഘടനകളും നൽകിയ മംഗളപത്രങ്ങളിലായിരുന്നു അയിത്തവും തൊട്ടുകൂടായ്മയുമടക്കം വിശദീകരിച്ച ജാതിവ്യവസ്ഥയെ നിന്ദിച്ചുള്ള ആശയപ്രകടനങ്ങളുണ്ടായിരുന്നത്.
അത് പരാമർശിച്ചായിരുന്നു ഗാന്ധിയുടെ പ്രസംഗം. തിരുവിതാംകൂറിൽനിന്നും കൊച്ചിയിൽനിന്നും ഈ കളങ്കം നിവാരണം ചെയ്യുന്നതിന് ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞ ഗാന്ധി ഓരോ വീട്ടിലും ചർക്ക ഉപയോഗിക്കണമെന്നും നൂൽ നൂൽക്കണമെന്നും ഓർമിപ്പിച്ചു.
ഗാന്ധിജിയുടെ ആദ്യ സന്ദർശനത്തിന്റെ സ്മരണയിൽ സർവോദയ ദർശൻ പ്രവർത്തകർ കോർപറേഷൻ ആസ്ഥാനത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മേയർ എം.കെ. വർഗീസ്, ദർശൻ ചെയർമാൻ എം. പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.