ജാഫർ അലിയുടെ വിരലിലുണ്ട്, മുണ്ടക്കൈയുടെ ഹൃദയമോതിരം
text_fieldsതൃശൂർ: വയനാട്ടിൽനിന്ന് മടങ്ങുമ്പോൾ ജാഫർ അലിക്ക് സഹപ്രവർത്തകരായിരുന്ന മുണ്ടക്കൈ സ്വദേശികൾ എന്നെന്നും ഓർത്തിരിക്കാൻ ഒരു സ്നേഹസമ്മാനം നൽകിയിരുന്നു. ഹൃദയബന്ധത്താൽ ഊതിക്കാച്ചിയൊരു പൊൻമോതിരം. അതിലവർ സ്വർണനൂലിഴകളാൽതന്നെ കൊത്തിവെച്ചു- ‘മുണ്ടക്കൈ’. തൃശൂർ സ്വദേശി ജാഫർ അലി ഹാരിസൺസ് മലയാളം ലിമിറ്റഡിൽ ഉദ്യോഗസ്ഥനായി 20 വർഷം വയനാട്ടിലായിരുന്നു. 2010 മുതൽ 2016 വരെ മുണ്ടക്കൈയിൽ ഫീൽഡ് ഓഫിസറായിരുന്നു. ആറു വർഷത്തെ സർവിസിനുശേഷം മടങ്ങുമ്പോഴാണ് മുണ്ടക്കൈ സ്വദേശികളായ 120ഓളം തൊഴിലാളികൾ ചേർന്ന് ഇംഗ്ലീഷിൽ ‘മുണ്ടക്കൈ’ എന്ന് രേഖപ്പെടുത്തിയ സ്വർണമോതിരം നൽകിയത്. അത് ഹൃദയത്തോട് ചേർത്തുവെച്ച്, മുണ്ടക്കൈയിലെ ജനങ്ങൾക്കുമേൽ പതിച്ച ദുരന്തത്തിൽ ഈറനണിഞ്ഞുനിൽക്കുകയാണ് ജാഫർ അലി. തങ്ങളുടെ അടുത്തെത്തുന്നവരെ ആവോളം സ്നേഹിച്ചിരുന്നവരാണ് മുണ്ടക്കൈയിലെ ആളുകളെന്ന് അദ്ദേഹം ഓർക്കുന്നു.
‘ഞങ്ങളുടെ സ്നേഹമാണ് ഈ തരുന്നത്. ഇതൊരിക്കലും നിങ്ങൾ നഷ്ടപ്പെടുത്തരുത്’ -യാത്രയയപ്പിൽ തൊഴിലാളികൾ പറഞ്ഞ വാക്കുകൾ ഇപ്പോൾ ജാഫർ അലിയുടെ ഉള്ളം പൊള്ളിക്കുന്നു. ഇപ്പോൾ ഇടുക്കി കരടിക്കുഴി എ.വി.ടി എസ്റ്റേറ്റിൽ ഫീൽഡ് ഓഫിസറായ തൃശൂർ വരന്തരപ്പള്ളി വേലുപ്പാടം പോക്കാട്ടിൽ വീട്ടിൽ ജാഫർ അലിയും ഭാര്യ ഉമൈബയും മക്കളായ ആസിഫ്, അസിൻ, അഫ്ന എന്നിവരും അക്കാലത്ത് മുണ്ടക്കൈയിലായിരുന്നു താമസം. ഗ്രാമം മുഴുവൻ ഒരു വീടുപോലെയാണ് കഴിഞ്ഞിരുന്നതെന്ന് ജാഫർ ഓർക്കുന്നു. ദുരന്തം അറിഞ്ഞപ്പോൾ ആകെ നടുങ്ങിപ്പോയി. പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അടുത്തറിയാവുന്ന പലരും മരണത്തിന് കീഴടങ്ങി. കുറച്ചുപേർ മാത്രമാണ് രക്ഷപ്പെട്ടത്. എച്ച്.എം.എൽ തോട്ടത്തിന്റെ ഭാഗമായ അട്ടമല, ചൂരൽമല, പുത്തുമല, മുണ്ടക്കൈ എന്നിവിടങ്ങൾ ഉരുൾപൊട്ടലിൽ നശിച്ചു. തേയിലത്തോട്ടത്തിൽനിന്ന് വിരമിച്ചശേഷം നിരവധി തൊഴിലാളികൾ സമീപത്തെ പുഞ്ചിരിമറ്റത്ത് ചെറിയ പ്ലോട്ടുകൾ വാങ്ങി ജീവിച്ചിരുന്നു. അവരിൽ മിക്കവരും ഇപ്പോൾ ജീവനോടെയില്ലെന്ന് ജാഫർ അലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.