ഈ പാഴാകുന്നത് കുടിവെള്ളമാണ്
text_fieldsപെരുമ്പിലാവ്: കരിക്കാട് ചോല മസ്ജിദിന് മുൻവശത്തെ റോഡിൽ ജല വകുപ്പിന്റെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. കഴിഞ്ഞദിവസം ജൽ ജീവൻ പദ്ധതിക്കായി കുഴിച്ചപ്പോഴാണ് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം വാഹന, കാൽനട യാത്രകൾ ദുസ്സഹമായിട്ടുണ്ട്. കൂടാതെ മേഖലയിൽ കുടിവെള്ള വിതരണവും തടസ്സപ്പെട്ടു.മിക്കയിടത്തും ജല ജീവൻ പദ്ധതി നിർമാണക്കാർ അശ്രദ്ധയോടെ റോഡിൽ കുഴിയെടുക്കുന്നതിനാൽ പൈപ്പുകൾ പൊട്ടൽ നിത്യസംഭവമായെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
പെരുമ്പിലാവിൽ രണ്ടിടത്ത് പൈപ്പ് പൊട്ടി
പെരുമ്പിലാവ്: സംസ്ഥാന പാതയിൽ രണ്ടിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പെരുമ്പിലാവ് ജങ്ഷനിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തും അൻസാർ ആശുപത്രിക്കടുത്തുമാണ് ജല വകുപ്പിന്റെ പൈപ്പുകൾ പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുകയും വെള്ളം റോഡിൽ പരന്നൊഴുകി ചളി നിറയുകയും ചെയ്തിരിക്കുന്നത്. ആശുപത്രിക്കടുത്തെ പാതയിലെ പൈപ്പ് പൊട്ടിയതോടെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കും സമീപ ഓഫിസിലേക്കുമുള്ള വഴിയിൽ വെള്ളക്കെട്ടായി മാറിയിട്ടുണ്ട്. വെള്ളം ഒഴുകി റോഡിൽ വലിയ കുഴിയും രൂപപ്പെട്ടു.
പലതവണ നാട്ടുകാർ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ചെയ്ത് ഉടൻ പ്രശ്നം പരിഹരിച്ച് മേഖലയിൽ ജലവിതരണം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.