ജലനിധി-വാട്ടർ അതോറിറ്റി തർക്കം; ആറ് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങി
text_fieldsമാള: ജലനിധിയും വാട്ടർ അതോറിറ്റിയും ഏറ്റുമുട്ടിയോടെ കുടിവെള്ളം മുട്ടി നാട്ടുകാർ. മാള മേഖലയിലെ ആറ് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണമാണ് മുടങ്ങിയത്. ലിറ്ററിന് 16 പൈസ എന്ന നിരക്കിലാണ് വാട്ടർ അതോറിറ്റി ജലനിധിക്ക് വെള്ളം നൽകുന്നത്. ലിറ്ററിന് 10 പൈസ നിരക്കിൽ തരണമെന്നാണ് പഞ്ചായത്തുകൾ ആവശ്യപ്പെടുന്നത്. ആവശ്യം അംഗീകരിക്കാത്തതിനാൽ ബില്ല് അടയ്ക്കാൻ പഞ്ചായത്ത് തയാറായില്ല.
വൻ സംഖ്യ കുടിശ്ശികയായതോടെയാണ് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നിർത്തിയത്. അഞ്ചര ലക്ഷത്തോളം രൂപ ഉടൻ അടച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ കുടിവെള്ള വിതരണം നിർത്തുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിധി അധികൃതർ അത് കാര്യമായെടുത്തിരുന്നില്ല. എന്നാൽ ജൂൺ ഒന്നിനു തന്നെ വാട്ടർ അതോറിറ്റി വിതരണം നിർത്തുകയായിരുന്നു. മാള, പൊയ്യ, കുഴൂർ, അന്നമനട, പുത്തൻച്ചിറ, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളിലാണ് കുടി വെള്ള വിതരണം നിർത്തിയത്.
പ്രതിഷേധവുമായി പൊയ്യ, കുഴൂർ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജലനിധി ഭാരവാഹികൾ വാട്ടർ അതോറിറ്റി ഓഫിസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ നിലവിലെ കുടിശ്ശിക 50 ശതമാനമെങ്കിലും അടക്കണം എന്ന് നിർദേശത്തിലാണ് വാട്ടർ അതോറിറ്റി കുടിവെള്ളം പുനഃസ്ഥാപിച്ചത്.
പക്ഷേ, ഇത്രയും ഭീമമായ സംഖ്യ അടക്കാൻ തങ്ങൾക്ക് കഴിയില്ല എന്ന നിലപാടിലാണ് ഇപ്പോഴും ജലനിധി അധികൃതർ. വാട്ടർ അതോറിറ്റി ബി.പി.എൽ ഉടമകൾക്ക് കുടിവെള്ളം നൽകുന്നത് സൗജന്യമായാണ്. അതേസമയം ജലനിധി ബി.പി.എൽ കാർഡ് ഉടമകൾക്ക് കുടിവെള്ളം നൽകുന്നത് തുക ഈടാക്കിയുമാണ്. ഇത്തരം വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ ഉന്നത ഇടപെടൽ വേണമെന്നാണ് ആവശ്യം. അല്ലെങ്കിൽ ഇനിയും മേഖലയിൽ കുടിവെള്ളം മുട്ടുമെന്ന് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.