ബാലഭവൻ ജീവനക്കാർക്ക് നാലുമാസമായി വേതനമില്ല
text_fieldsതൃശൂർ: കഴിഞ്ഞ നാലുമാസമായി ചെമ്പൂക്കാവ് ജവഹർ ബാലഭവനിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഈമാസം കൂടി വേതനം ലഭിച്ചില്ലെങ്കിൽ ക്രിസ്മസ് അടക്കം പട്ടിണിയിലാവുമെന്ന വേദനയിലാണ് ജീവനക്കാർ.
ഇതുമൂലം ബാലഭവനിൽ ജോലി ചെയ്യുന്ന 11 സ്ഥിരം ജീവനക്കാരും ഏട്ട് താൽക്കാലിക ജീവനക്കാരുടെയും ജീവിതം വഴിമുട്ടി. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ താൽക്കാലികമായ പ്രിൻസിപ്പൽ തസ്തിക സ്ഥിരപ്പെടുത്താനുള്ള നീക്കവും തകൃതിയിയാണ്. ശമ്പളത്തിന് പുറമെ 2008ലെയും 2017ലെയും ശമ്പള പരിഷ്കരണ കുടിശ്ശികയായി 1.30 കോടി രൂപയും ജീവനക്കാർക്ക് കിട്ടാനുണ്ട്.
പ്രിൻസിപ്പൽ തസ്തിക വേണമെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം സ്ഥിരപ്പെടുത്തിയാൽ മതിയെന്ന നിലപാടാണ് ജീവനക്കാർക്കുള്ളത്. ദൈന്യംദിന ഭരണച്ചുമതല വഹിക്കുന്ന ഭരണസമിതിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർക്കും പ്രിൻസിപ്പലിനും നൽകുന്ന ഓണറേറിയവും കുടിശ്ശികയാണ്. സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഇതിന് മാത്രം വർഷം 47 ലക്ഷം രൂപ വേണം. പകരം 20 ലക്ഷം രൂപ മാത്രമാണ് ഇതുവരെ നൽകിയത്. ഈ മാസം അവസാനിക്കാനിരിക്കെ ശമ്പള കുടിശ്ശിക അഞ്ച് മാസമാവും. മാസങ്ങൾക്ക് മുമ്പ് വിഷയം കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് ഒരുമാസത്തെ ശമ്പളം ലഭിച്ചതായും ജീവനക്കാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശമ്പളക്കാര്യത്തിൽ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി ഒന്നു മുതൽ ബാലഭവൻ എംപ്ലോയീസ് യൂനിയെൻറ കീഴിൽ പ്രത്യക്ഷസമര രംഗത്തേക്ക് ഇറങ്ങാനാണ് തീരുമാനം.
കലക്ടർ ചെയർമാനായ ഭരണസമിതിയുടെ പുനഃസംഘടന നടന്നിട്ട് ഒരുവർഷം പിന്നിടുന്നു. ബാലഭവെന്റ നിയമാവലിയനുസരിച്ച് കോർപറേഷൻ കൗൺസിലർമാരിൽ ഒരാളാകണം എക്സിക്യൂട്ടിവ് ഡയറക്ടർ. എന്നാൽ, പുതിയ കോർപറേഷൻ ഭരണസമിതി നിലവിൽ വന്ന് ഒരുവർഷം പിന്നിട്ടിട്ടും പുനഃസംഘടന നടത്താൻ തയാറായിട്ടില്ല.
നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർ കെ. കൃഷ്ണൻകുട്ടി നിലവിൽ കൗൺസിലറല്ല. കോവിഡിനെ തുടർന്ന് ഓൺലൈനായി മുന്നൂറോളം കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായി പഠിക്കുന്നത്. അവധിക്കാലത്തും മറ്റും ഹ്രസ്വ കോഴ്സുകൾക്കായി 1300ഓളം പേർ വരെ ബാലഭവനിൽ എത്താറുണ്ട്. മുന്നൂറോളം കോഴ്സുകളാണ് ഇവിടെയുള്ളത്.
വാർത്തസമ്മേളനത്തിൽ ബാലഭവൻ എംപ്ലോയീസ് യൂനിയൻ ഭാരാവാഹികളായ ജോയ് കെ. വർഗീസ്, സജി ജെയ്സൺ, ആർ.വി. രാമപ്രസാദ്, വി.എസ്. പാർവതി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.