60ാം വയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ജയകുമാരി
text_fieldsമാള: സർക്കാർ ജോലിക്കിടയിലും വിരമിച്ച ശേഷവും വിദ്യാഭ്യാസരംഗത്ത് പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കുന്നതിൽ ആനന്ദം കണ്ടെത്തി ശ്രദ്ധേയയായ ജയകുമാരി ഇത്തവണ കൈയടി നേടിയത് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച്. ദേശക്കാഴ്ച നൃത്തോത്സവത്തിലാണ് 60ാം വയസ്സിൽ ജയകുമാരി വേദിയിലെത്തിയത്.
എസ്.എസ്.എൽ.സി കഴിഞ്ഞ് സർക്കാർ ജോലിയിൽ പ്രവേശിച്ച ഇവർ സർവിസിലിരിക്കെ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടിയിരുന്നു.
വിരമിച്ച ശേഷം കേരള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം ക്ലാസോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇപ്പോൾ നിയമ പഠനത്തിന് പ്രവേശന പരീക്ഷക്കായുള്ള പരിശീലനത്തിലാണ്.
നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജയകുമാരി വിരമിച്ച ശേഷമാണ് നൃത്തം പഠിച്ചത്. കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിലാണ് ഇവർ നൃത്തം അഭ്യസിച്ചത്. ദേശക്കാഴ്ച 2024 കലാ സാംസ്കാരികോത്സവം നൃത്തോത്സവത്തിലാണ് ജയകുമാരി ഭരതനാട്യം അവതരിപ്പിച്ചത്.
താഴെക്കാട് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും ഇവർ പ്രവർത്തിക്കുന്നു. കെ.എസ്.ആർ.ടി.സി കണ്ടക്ടറായി വിരമിച്ച തേവരുകാട്ടിൽ രാമകൃഷ്ണനാണ് ഭർത്താവ്. മൂത്ത മകൻ ജയകൃഷ്ണൻ ബി.ടെക് ബിരുദധാരിയും ഇളയ മകൻ ഹരികൃഷ്ണൻ ബി.ടെക് അവസാന വർഷ വിദ്യാർഥിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.