പാർട്ടിയില്ലാതെ നേതാവില്ല –ജോസ് വള്ളൂർ
text_fields
പരിഹരിക്കണം സംഘടനാ ദൗർബല്യം
താളംതെറ്റി കിടക്കുന്ന സംഘടനാ ദൗർബല്യം പരിഹരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ആദ്യമായി ഏറ്റെടുക്കാനുള്ളത്. ഗ്രൂപ്പിനതീതമായ യോജിച്ചുള്ള പ്രവർത്തനമുണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. മറ്റു പലയിടത്തും വിവിധ പ്രതികരണങ്ങളുണ്ടായപ്പോൾ ജില്ലയിൽ ഒരാളിൽനിന്ന് പോലും വേറിട്ടൊരു പ്രതികരണം ഉണ്ടാവാതിരുന്നതിന് ഇതാണ് കാരണം. സംഘടനയില്ലാതെ മുന്നോട്ട് പോവാനാവില്ല. ഈ തിരിച്ചറിവിൽ നിന്നുകൊണ്ടു വേണം പ്രവർത്തനങ്ങൾ തുടങ്ങാൻ. ചുമതലയേറ്റെടുക്കുന്നതിെൻറ ഭാഗമായി മുതിർന്ന നേതാക്കളെയും പോഷക സംഘടന ഭാരവാഹികളെയും വിവിധ സാമൂഹിക സംഘടന നേതാക്കളെയും മത സമുദായ നേതാക്കളെയും കണ്ടു. എല്ലാവരാലും അവഗണിക്കപ്പെട്ടിരിക്കുന്ന പഴയകാല പ്രവർത്തകരെയും നേരിൽ കണ്ടു. എല്ലാവരെയും കൂടെ നിർത്തി കോൺഗ്രസിനെ സജീവമാക്കുകയാണ് ആദ്യഘട്ടം.
എല്ലാവരിലേക്കും കോൺഗ്രസ്, എല്ലാവരും കോൺഗ്രസ്
സംഘടന പ്രവർത്തനത്തിന് പുതിയ പ്രവർത്തന രീതിയും കാമ്പയിനുമാണ് കെ.പി.സി.സിയുടെ പുതിയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
എല്ലാവരിലേക്കും കോൺഗ്രസ്, എല്ലാവരും കോൺഗ്രസ് എന്നതാണ് മുദ്രാവാക്യം. ദുർബല അവസ്ഥയിലാണ് ജില്ലയിലെ കോൺഗ്രസ്. അടിത്തട്ടിൽ പലയിടത്തും ഉറപ്പു പോലുമില്ലാത്ത അവസ്ഥയുണ്ട്. പാർട്ടിയില്ലാതെ ജനങ്ങൾക്കരികിലേക്ക് എത്താനാവില്ല. അതിനാൽ, പ്രവർത്തകരെ കർമനിരതരാക്കേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഇനിയുള്ള പ്രവർത്തനങ്ങൾ. 2254 ബൂത്തുകളുണ്ട്. ഇതിന് കീഴിൽ ഇനി യൂനിറ്റ് കമ്മിറ്റികൾ പ്രവർത്തിക്കുകയാണ്. ജില്ലയിൽ 14,000ത്തിലധികം യൂനിറ്റ് കമ്മിറ്റികൾ വരും. ബൂത്ത് കമ്മിറ്റികൾ നിരീക്ഷിക്കുന്ന വിധത്തിലാണ് ഇവയുടെ പ്രവർത്തനം.
മുതിർന്ന നേതാക്കൾ 'നയിക്കും'
മുതിർന്ന നേതാക്കൾ വഴികാട്ടികളും മാതൃകകളുമാണ്. ഇവർ മാറ്റിനിർത്തപ്പെടേണ്ടവരല്ല, എനിക്ക് ഡി.സി.സി പ്രസിഡെൻറന്ന ചുമതലയാണ്. താനുൾപ്പെടെയുള്ളവരെ നയിക്കുന്നത് മുതിർന്ന നേതാക്കളാണ്. കൂടിയാലോചനകളിലും ചർച്ചകളിലും നിർദേശങ്ങളിലും അഭിപ്രായങ്ങളിലുമെല്ലാം മുതിർന്ന നേതാക്കളുടെ പങ്ക് പ്രധാനപ്പെട്ടതാണ്.
മാറിയ കാലത്ത് മാറിയ രീതി
ചുമതലയേറ്റെടുക്കുന്ന ഘട്ടത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞത് മാറിയ കാലത്ത് മാറിയ രാഷ്ട്രീയ സംഘടന പ്രവർത്തന രീതിയാണ്. ഇതുതന്നെയാണ് ജില്ലയിലെ കോൺഗ്രസിന് മുന്നിലുള്ളതും. സംഘടന പ്രവർത്തനവും സമരവും വികസന പ്രവർത്തനങ്ങളുമെല്ലാം ഒരു തലത്തിലുള്ളതാണ്. അന്ധമായ എതിർപ്പുകളും അന്ധമായ വിയോജിപ്പുകളുമല്ല.
മണ്ഡലം -ബൂത്ത് തലങ്ങളിൽ കൂടിയാലോചനകൾ
ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമെല്ലാം പാർട്ടിയിലും മുന്നണിയിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരു ചർച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയങ്ങൾ മാത്രമാണുള്ളത്. പാർട്ടി നിയന്ത്രണങ്ങൾക്ക് പകരം വ്യക്തിപരമായ ചില അധികാരങ്ങളും അഭിപ്രായങ്ങളുമാണ് തർക്കങ്ങളിൽ പ്രധാനമായിട്ടുള്ളത്. കൂടിയാലോചനകൾ നടത്തിയും പ്രശ്നങ്ങൾ പരിഹരിച്ചും ഏകോപനത്തിലൂടെ പോകും. പാർട്ടിയുടെയും യു.ഡി.എഫിെൻറയും ജില്ലയിലെ പഴയ വീര്യം വീണ്ടെടുക്കും.
സമരരീതി മാറും
മാറിയ കാലത്ത് സമരങ്ങളുടെ രീതിയും മാറേണ്ടതുണ്ട്. കോർപറേഷൻ മാസ്റ്റർ പ്ലാൻ, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മരംമുറി, വാക്സിൻ വിവേചനം തുടങ്ങി പലതരത്തിലും സമരങ്ങളുയർന്നു. പക്ഷേ, ചിലയിടങ്ങളിൽ മാത്രമായി സമരങ്ങൾ ഒതുങ്ങിയ സാഹചര്യമുണ്ടായി.
കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും നിർദേശങ്ങളിൽ ചട്ടപ്പടി പരിപാടികൾ മാത്രമായും വിവിധ സമരങ്ങൾ മാറി. ഇതിന് മാറ്റമുണ്ടാകേണ്ടതുണ്ട്. പടവും പേരും വരുത്തുകയെന്ന നിരന്തര സമരത്തിലുപരിയായി നടപടിയുണ്ടാവുന്ന വിധത്തിലുള്ള രാഷ്ട്രീയ ദൗത്യമായി സമരങ്ങളെ മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.