വെള്ളക്കരം വീണ്ടും അടപ്പിച്ചു; ജല അതോറിറ്റിക്കെതിരെ വിധി
text_fieldsതൃശൂർ: കുടിശ്ശികയുടെ പേരുപറഞ്ഞ് അടച്ച തുക വീണ്ടും അടപ്പിച്ചതിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ ജല അതോറിറ്റിക്കെതിരെ വിധി. എടത്തിരുത്തി സ്വദേശികളായ ഇളയേടത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് അലി, മകൻ ഇ.എം. ഷമീർ എന്നിവർ ഫയൽ ചെയ്ത ഹരജിയിലാണ് അതോറിറ്റി എം.ഡിക്കും വാടാനപ്പിള്ളി പി.എച്ച് സെക്ഷൻ അസി. എൻജിനീയർക്കുമെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചത്. കൃത്യമായി വെള്ളക്കരം അടക്കാറുള്ള മുഹമ്മദ് അലി 2015 നവംബറിൽ തുക അടക്കാൻ ചെന്നപ്പോൾ 17 മാസത്തെ കുടിശ്ശികയുണ്ടെന്ന് പറഞ്ഞു. ഇത് ഇദ്ദേഹം നിഷേധിച്ചപ്പോൾ മോശമായ പെരുമാറ്റമാണ് ഉണ്ടായത്. കുടിശ്ശികയെന്ന് പറഞ്ഞ് 374 രൂപയും പിഴയായി 75 രൂപയും അടപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഇദ്ദേഹം കമീഷനെ സമീപിച്ചത്.
അതോറിറ്റി പ്രതിനിധികൾ ഇക്കാര്യം നിഷേധിച്ചു. എന്നാൽ, തെളിവുകൾ പരിഗണിച്ച പ്രസിഡന്‍റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആർ. രാം മോഹൻ എന്നിവരടങ്ങിയ കമീഷൻ അതോറിറ്റിയുെട തെറ്റും ഹരജിക്കാരുടെ മാനസിക വേദനയും പരിഗണിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹരജിക്കാരിൽനിന്ന് കൂടുതലായി ഈടാക്കിയ 425 രൂപയും അതിന് 2015 നവംബർ 24 മുതൽ ആറ് ശതമാനം പലിശയും നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 2000 രൂപയും നൽകണമെന്നും വിധിച്ചു. ഹരജിക്കാർക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.