കനലൊരു തരി ആലത്തൂരിൽ; കെ. രാധാകൃഷ്ണന്റേത് മിന്നും ജയം
text_fieldsതൃശൂർ: കാത്തിരുന്ന ജനവിധിയുടെ ഫലമെത്തിയപ്പോൾ കേരളത്തിൽ ഇടതിന് ഏക ആശ്വാസമായി ആലത്തൂർ ലോക്സഭ മണ്ഡലം. എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി കെ. രാധാകൃഷ്ണൻ 20,111 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്ന ഏക മണ്ഡലമായ ആലപ്പുഴ കൈവിട്ടപ്പോൾ ഇക്കുറി ആലത്തൂർ ചുവന്നു. ആകെ പോൾ ചെയ്തതിൽ 4,03,447 വോട്ടുകൾ നേടിയാണ് കെ. രാധാകൃഷ്ണൻ വിജയിച്ചത്. രണ്ടാമതെത്തിയ യു.ഡി.എഫിലെ രമ്യ ഹരിദാസ് 3,83,336 വോട്ടുകൾ നേടി. പൊടിപാറിയ മത്സരം നടന്ന തിരുവനന്തപുരവും ആറ്റിങ്ങലും കഴിഞ്ഞാൽ കുറഞ്ഞ ഭൂരിപക്ഷമുള്ള മണ്ഡലമാണ് ആലത്തൂർ. രാവിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ സിറ്റിങ് എം.പി കോൺഗ്രസിലെ രമ്യ ഹരിദാസ് നേരിയ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. രാവിലെ എട്ട് മുതൽ ഒമ്പതു വരെ രമ്യതന്നെയായിരുന്നു മുന്നിൽ. ഭൂരിപക്ഷം 1736. പിന്നീട് സ്ഥിതിഗതികൾ മാറിമറിഞ്ഞു. അധികം വൈകാതെ മന്ത്രി കെ. രാധാകൃഷ്ണൻ ലീഡ് തിരിച്ചുപിടിച്ചു. രാവിലെ 9.30 ആയപ്പോൾ രാധാകൃഷ്ണന്റെ ലീഡ് 2089 ആയി ഉയർന്നു. പിന്നീട് വോട്ടെണ്ണി തീരുന്നതു വരെ എൽ.ഡി.എഫ് തന്നെയായിരുന്നു മുന്നിൽ.
ബി.ഡി.ജെ.എസിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ച് മത്സരത്തിനിറങ്ങിയ ബി.ജെ.പി മണ്ഡലത്തിൽ നില കാര്യമായി മെച്ചപ്പെടുത്തി. ഡോ. ടി.എൻ. സരസു 1,88,230 വോട്ടുകൾ നേടി. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിലെ ടി.വി. ബാബു നേടിയ 89,837 വോട്ടാണ് ഇത്തവണ ടി.എൻ. സരസു 1,88,230 ആയി ഉയർത്തിയത്. ബി.എസ്.പി സ്ഥാനാർഥി ഹരി അരുമ്പിൽ 2871 വോട്ടും സ്വതന്ത്ര സ്ഥാനാർഥി കൃഷ്ണൻകുട്ടി കുനിശ്ശേരി 2351 വോട്ടും നേടി. 12,033 പേർ നോട്ടക്ക് വോട്ടു ചെയ്തു.
40.66 ശതമാനം വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിന് 38.63 ശതമാനവും എൻ.ഡി.എക്ക് 18.97 ശതമാനവുമാണ് വോട്ടുവിഹിതം. തൃശൂരിലെയും തൊട്ടടുത്ത മണ്ഡലമായ ആലത്തൂരിലെയും തോൽവി യു.ഡി.എഫിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും. വളരെ നേരത്തേതന്നെ പ്രചാരണ രംഗത്തിറങ്ങിയെങ്കിലും മികച്ച വ്യക്തിപ്രഭാവമുള്ള മന്ത്രി കെ. രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്ക ഉയർന്നിരുന്നു. ഭരണവിരുദ്ധ വികാരത്തിലൂടെ അതിനെ മറികടക്കാമെന്ന കോൺഗ്രസ് തന്ത്രവും പാളി. മണ്ഡലത്തിൽ സജീവമല്ല എന്ന പരാതി രമ്യക്കെതിരെ പാർട്ടി കേന്ദ്രങ്ങളടക്കം ഉയർത്തിയിരുന്നു. ഓൺലൈൻ മീഡിയയിലൂടെ വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ നിയമനടപടി നേരിട്ട മാധ്യമപ്രവർത്തകനെ പരസ്യമായി പിന്തുണച്ച് നിരന്തരം രംഗത്തെത്തിയതും രമ്യയുടെ രാഷ്ട്രീയ പക്വതക്കുറവായി വിലയിരുത്തപ്പെട്ടു.
ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തന്റെ സ്വന്തം നിയമസഭ മണ്ഡലമായ ചേലക്കരയിൽ മന്ത്രി രാധാകൃഷ്ണൻ നടപ്പാക്കിയ 1734.34 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളടക്കം തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാക്കുന്നതിലും ഇടതുപക്ഷം വിജയിച്ചു. ബി.ജെ.പി സ്ഥാനാർഥി മത്സരിച്ചതും പ്രധാനമന്ത്രി മോദിതന്നെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതും വോട്ടുവിഹിതം കൂട്ടുന്നതിന് എൻ.ഡി.എക്ക് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.