രാത്രിയുടെ മറവിൽ കെ റെയിലിെൻറ സർവേ കല്ല് സ്ഥാപിച്ചതിൽ ദുരൂഹത
text_fieldsതൃശൂർ: രാത്രിയുടെ മറവിൽ ജില്ലയിൽ രണ്ടിടങ്ങളിലെ വീട്ടുപറമ്പുകളിൽ കെ റെയിലിെൻറ സർവേ കല്ല് സ്ഥാപിച്ചതിൽ ദുരൂഹതയെന്ന് വിലയിരുത്തൽ. കെ റെയിൽ കമ്പനിയുടെ ജീവനക്കാർ കഴിഞ്ഞദിവസം രാത്രിയിലാണ് കൂർക്കഞ്ചേരി സോമിൽ റോഡ് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൂങ്കുന്നം കുട്ടംകുളങ്ങര അമ്പലം റോഡിലെ പറമ്പിലും സർവേ കല്ലുകൾ സ്ഥാപിച്ചത്. എന്നാൽ, റവന്യൂ അധികൃതരുടെ സാന്നിധ്യമില്ലാതെയായിരുന്നു നടപടി.
പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും സാമൂഹിക ആഘാത പഠന റിപ്പോർട്ടും തയാറാക്കാനെന്ന പേരിലാണ് ഈ നടപടി. ഇൗ പഠനം നടത്തിക്കഴിഞ്ഞ ശേഷമേ ഭൂമി ഏറ്റെടുക്കൽ ഉത്തരവ് ഇറക്കാൻ കഴിയൂ. ഇതിനുള്ള ഉത്തരവ് ലാൻഡ് റവന്യൂ കമീഷണറാണ് ഇറക്കേണ്ടത്. അങ്ങനെ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടുമില്ല. എന്നാൽ, പഠനത്തിനാണെങ്കിൽ ഇത്തരം നടപടിയുടെ ആവശ്യമില്ലെന്നും ജനങ്ങളിൽ ആശങ്ക സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിക്ക് മുതിരുന്നതെന്നതാണ് കെ റെയിൽ സമരസമിതി പ്രവർത്തകരുടെ ആരോപണം.
നേരത്തേ തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിൽ കല്ലിടുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനാലാണ് രാത്രിയിൽ കല്ലിട്ടതെന്നാണ് ആരോപണം. നോട്ടീസോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കെത്തി ഏകപക്ഷീയമായി കെ റെയിലിെൻറ സർവേകല്ലുകൾ സ്ഥാപിച്ചതെന്ന് വീട്ടുടമസ്ഥൻ ഋഷി മൂത്തേടത്ത് പറഞ്ഞു. പിഴുതു മാറ്റിയാൽ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അന്നേദിവസം മൂന്നുമണിയോടെ ഒരു സംഘമെത്തി കെ റെയിൽ പോകുന്ന സ്ഥലമാണെന്ന് ഇവരെ ധരിപ്പിച്ചിരുന്നത്രെ. പൂങ്കുന്നം കുട്ടംകുളങ്ങര ക്ഷേത്രം വഴിയിൽ ആൾപാർപ്പില്ലാത്ത സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഏഴ് സർവേ കല്ലുകൾ സ്ഥാപിക്കപ്പെട്ടത്. പരിസ്ഥിതി ആഘാത പഠനത്തിന് 14 മാസവും സാമൂഹിക ആഘാത പഠനത്തിന് മൂന്നുമാസ സമയവും കാണിച്ചാണ് കെ റെയിൽ ടെൻഡർ വിളിച്ചിരുന്നത്. ഈ നടപടിക്രമം പൂർത്തിയാകും മുേമ്പ വിശദ പഠന രേഖയും ഫീസിലബിലിറ്റി സ്റ്റഡി റിപ്പോർട്ടും ഫീൽഡ് സ്റ്റഡി റിപ്പോർട്ടും നടത്തി ഫീൽഡ് മാപ്പ് പുറത്തുവിട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ മേൽപറഞ്ഞ നടപടികളുമായി മുന്നോട്ടുപോകുന്നത് ചട്ടവിരുദ്ധമാണെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.
പദ്ധതിക്കെതിരെ പ്രക്ഷോഭം സജീവമാകുന്നു
തൃശൂർ: കെ റെയിലിനുവേണ്ടി ഏറ്റവും കൂടുതൽ സ്ഥലം നഷ്ടപ്പെടുന്ന തൃശൂർ ജില്ലയിൽ കെ റെയിൽ പദ്ധതിക്കെതിരൊയ പ്രക്ഷോഭം ജില്ലയിൽ സജീവമാകുന്നു. എറണാകുളം ജില്ല കഴിഞ്ഞാൽ അന്നമനട പഞ്ചായത്ത് മുതൽ കാട്ടകാമ്പാൽ പഞ്ചായത്ത് വരെയാണ് കെ റെയിൽ പാത കടന്നുപോകുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള ആദ്യ വിജ്ഞാപനത്തിൽ ജില്ലയിലെ എട്ടു വില്ലേജുകൾ ഉൾപ്പെട്ടിരുന്നില്ല. ഒക്ടോബർ 30ന് ഇറങ്ങിയ വിജ്ഞാപനത്തിലാണ് അവിണിശ്ശേരി മുതൽ പേരാമംഗലം വരെ എട്ടു വില്ലേജുകൾ ഒടുവിൽ ഉൾപ്പെട്ടത്.
ജില്ലയിൽ കെ. റെയിലിനുവേണ്ടി 148 .67 ഹെക്ടർ സ്ഥലമാണ് ഏറ്റെുടക്കുന്നത്. 1500 കുടുംബങ്ങൾ കുടിയൊഴിക്കേണ്ടിവരും. ജില്ലയിൽ ഗുരുവായൂരിൽനിന്ന് ഏഴുകിലോ മീറ്റർ മാറിയാണ് സ്റ്റോപ് അനുവദിക്കപ്പെട്ടിട്ടുള്ളത്. കേച്ചേരിയോട് ചേർന്ന പ്രദേശത്താവും സ്റ്റോപ്പെന്ന അഭ്യൂഹം ഉയരുന്നുണ്ട്. ഇവിടെ 100 ഏക്കർ ഭൂമിയിൽ ടൗൺഷിപ് നിർമിക്കാനും നിർദേശമുണ്ട്. നീർത്തട മേഖലയാകും ഇവിടെ വ്യാപകമായി നികത്തപ്പെടുക.
കെ റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ 25 ഓളം യൂനിറ്റുകൾ സമരരംഗത്തുണ്ട്. വിവിധ മേഖലകൾ േകന്ദ്രീകരിച്ച് പ്രക്ഷോഭ കൂടിയാലോചനകളും പദ്ധതി വിശദീകരണ യോഗങ്ങളും സജീവമാണ്. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്ന് ജില്ല കൺവീനർ എ.എം. സുരേഷ്കുമാർ പറഞ്ഞു. കെ റെയിൽ കോർപറേഷൻ ജീവനക്കാർ വിവിധ മേഖലകളിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് പിഴുത് കളയാനാണ് സംഘടനയുടെ തീരുമാനമെന്ന് സംസ്ഥാന സമിതി അംഗം ലിേൻറാ വരടിയം വ്യക്തമാക്കി.
10 ഹെക്ടർ സ്ഥലമാണ് തൃശൂർ താലൂക്കിൽനിന്ന് തന്നെ കെ റെയിലിനായി ഏറ്റെടുക്കേണ്ടി വരുക. തൃശൂർ നഗരകേന്ദ്രമായ റെയിൽവേ ട്രാക്കിന് സമീപത്തുകൂടിയാണ് കെ റെയിൽ കടന്നുപോകുന്നത്. മേഖലയിൽ പദ്ധതി ബാധിക്കുന്നവരുടെ യോഗം തൃശൂർ തെക്കേമഠം ലക്ഷ്മി മണ്ഡപത്തിൽ നടന്നു.
െക റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. വി.എസ്. ഗിരീശൻ, മനോജ് ദ്വാരക, വി.കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
നിയമവിരുദ്ധ അതിരിടൽ അനുവദിക്കില്ല-–കെ റെയിൽ–സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി
തൃശൂർ: നിയമ വിരുദ്ധമായ അതിരുകല്ലിടൽ നടപടികൾ അനുവദിക്കില്ലെന്ന് കെ റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ഉൾപ്പെടെ പല ജില്ലകളിലും പാത നിർമിക്കാൻ അതിരുകൾ നിർണയിച്ചുവെന്നും നാലുമാസത്തിനുള്ളിൽ നടപടി പൂർത്തിയാവുമെന്നുമുള്ള പ്രചാരണമാണ് കെ റെയിൽ നടത്തിവരുന്നത്. പരിസ്ഥിതി ആഘാത റിപ്പോർട്ടും സാമൂഹിക ആഘാത റിപ്പോർട്ടും തയാറാക്കാനെന്ന പേരിലാണ് നിയമവിരുദ്ധമായ രീതിയിൽ റവന്യൂ അധികാരികളുടെ ഒത്താശയോടെ കെ റെയിൽ കമ്പനിയുടെ സർവേ കല്ലുകൾ സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ നിക്ഷേപിക്കുന്നത്. പഠനത്തിന് കല്ലിടേണ്ട കാര്യമില്ല.
നിയമസഭയിൽ ചർച്ച ചെയ്യുകയോ ഡി.പി.ആർ പ്രസിദ്ധീകരിക്കുകയോ കേന്ദ്ര അനുമതിയോ റെയിൽവേ അനുമതി കിട്ടുകയോ ചെയ്യാത്ത പദ്ധതിയാണിത്. ഇവയില്ലാതെ ഭൂമിയിൽ കല്ലിടുക എന്ന് പറയുന്നത് നിയമ വിരുദ്ധ നടപടിയാണ്.
ഇത് എന്ത് വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രക്ഷാധികാരി പ്രഫസർ കുസുമം ടീച്ചർ, ജില്ല കൺവീനർ എ.എം. സുരേഷ്കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ മാർട്ടിൻ കൊട്ടേക്കാട്, പി. ശ്രീധരൻ, ലിേൻറാ വരടിയം തുടങ്ങിയവരും പങ്കെടുത്തു.
ഐനൂരിൽ പ്രതിഷേധ കൂട്ടായ്മ
പഴഞ്ഞി: കെ റെയിൽ-സിൽവർ ലൈൻ പദ്ധതിക്കെതിരെ കാട്ടകാമ്പാൽ പഞ്ചായത്ത് പ്രദേശങ്ങളിൽ ജനരോഷം ശക്തമാകുന്നു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഐനൂരിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. പ്രതിഷേധ യോഗം സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച് അതിൽ തീരുമാനം ഉണ്ടായ ശേഷമേ നടപടികൾ കൈക്കൊള്ളാവൂവെന്ന കോടതി നിർദേശവും അതിന് അനുവദിക്കപ്പെട്ട 14 മാസക്കാലാവധിയും മാനിക്കാതെ റെയിൽ പാതക്ക് എൽ.ഡി.എഫ് സർക്കാർ കല്ലിടൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ സി.ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യോഗത്തിന് നിഷ രമേഷ്, സതി രവി, ജയ രാജേന്ദ്രൻ, എം.എസ്. ഷീജ, എ.എസ്. ഷീല, സുബ്രഹ്മണ്യൻ, ലില്ലി, പോൾസൺ, ജയപ്രകാശ്, അർജുനൻ എന്നിവർ നേതൃത്വം നൽകി. എം.എൻ. ചന്ദ്രൻ സ്വാഗതവും മുഹമ്മദ് ജിഷാർ നന്ദിയും പറഞ്ഞു.
കെ റെയിൽ: കല്ലുകൾ പിഴുതുമാറ്റും –സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
തൃശൂർ: കെ റെയിലിെൻറ പേരിലുള്ള ജില്ലയിലെ കല്ലിടൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ കല്ലുകൾ പിഴുതുമാറ്റുമെന്നും സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ. നിയമപരമായി പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും പാലിക്കാതെ കല്ലിടൽ പ്രക്രിയ തൃശൂർ ജില്ലയിൽ ആരംഭിച്ചിരിക്കുകയാണ്. വികസനത്തിെൻറ പേരിൽ കോർപറേറ്റ്-കമീഷൻ താൽപര്യങ്ങളോടെ നടത്തുന്ന പദ്ധതികൾ, കേവലം ഇരകളുടെ മാത്രം പ്രശ്നമല്ലെന്നും കേരള സമൂഹത്തിനെയാകെ ബാധിക്കുന്ന ഗുരുതര വിനാശത്തിെൻറ പ്രശ്നമാണെന്നും തിരിച്ചറിഞ്ഞ് പുരോഗമനകാരികൾ പദ്ധതിക്കെതിരെ മുന്നോട്ടു വരണമെന്ന് ജില്ല കമ്മിറ്റി അഭ്യർഥിച്ചു.
ജനകീയ സമരസമിതി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകാനും ജില്ല കമ്മിറ്റി തീരുമാനിച്ചു. ജയൻ കോനിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി എൻ.ഡി. വേണു ജില്ല റിപ്പോർട്ടും കെ. ശിവരാമൻ സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.വി. പുരുഷോത്തമൻ, എം.വി. ചന്ദ്രൻ, പി.സി. അജയൻ, കെ.ഡി. വിത്സൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.