ആരുമറിഞ്ഞില്ല; നേരം വെളുത്തപ്പോൾ പുരയിടത്തിൽ കെ-റെയിൽ സർവേ കല്ല്
text_fieldsതൃശൂർ: രാവിലെ എഴുന്നേറ്റ് നോക്കുേമ്പാൾ വീട്ടുപറമ്പിൽ പതിവില്ലാത്ത അതിര് കല്ല് കണ്ട് അമ്പരന്ന് വീട്ടുകാർ. അയൽവാസികളോട് അന്വേഷിച്ചപ്പോൾ അവരും അതേ അവസ്ഥയിൽ.
ചുറ്റിനും അന്വേഷിച്ചപ്പോഴാണ് കെ-റെയിൽ പദ്ധതിയുടെ സർവേക്ക് മുന്നോടിയായുള്ള സർവേ കല്ല് ആണെന്ന്. തൃശൂരിൽ സ്വകാര്യ വ്യക്തികളുടെ വീട്ടു പറമ്പുകളിൽ രാത്രി ഉദ്യോഗസ്ഥരെത്തി മുന്നറിയിപ്പില്ലാതെ കല്ലിട്ടുവെന്നാണ് ആക്ഷേപം.
കൂർക്കഞ്ചേരി വില്ലേജിൽ സോമിൽ റോഡ് ഭാഗത്ത് റെയിൽവേ ലൈനിനോട് ചേർന്നും പൂങ്കുന്നം വില്ലേജിലെ പ്രദേശങ്ങളിലുമാണ് കഴിഞ്ഞദിവസം രാത്രി കല്ലിട്ട് പോയത്. സ്ഥല ഉടമകൾക്ക് അറിയിപ്പ് നൽകിയില്ലെന്നും സംഭവമറിഞ്ഞ് അന്വേഷിച്ച് എത്തിയവരെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കൂർക്കഞ്ചേരി ഭാഗത്ത് 12 വീടുകളിലും പൂങ്കുന്നത്ത് അഞ്ചും കല്ലുകൾ ഇട്ടിട്ടുണ്ട്. കെ-റെയിൽ എന്ന് എഴുതിയ മഞ്ഞ നിറത്തിലുള്ള കല്ലുകളാണിവ. പാടത്തും മറ്റുമായി ശ്രദ്ധയിൽപെടാത്ത ഇടങ്ങളിൽ കല്ലിട്ടിട്ടുണ്ടോ എന്ന് അറിയില്ല.
പരിസ്ഥിതി-സാമൂഹികാഘാത പഠനം നടത്തുന്നതിെൻറ ഭാഗമായുള്ള സർവേക്കാണ് ഇപ്പോൾ കല്ല് ഇടുന്നതെന്നാണ് പറയുന്നത്.
കോർപറേഷൻ പരിധിയിലെ ആറ് ഡിവിഷനുകൾ ഉൾപ്പെടെ ജില്ലയിലെ 35 വില്ലേജുകളിലൂടെയാണ് കെ-റെയിൽ കടന്നുപോകുന്നത്. നേരത്തേ തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിൽ കല്ലിടുന്നത് വലിയ പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കിയിരുന്നു.
അതിനാലാവാം ആരുമറിയാതെ രാത്രി എത്തി കല്ലിട്ടതെന്നാണ് കെ-റെയിൽ വിരുദ്ധ സമിതി പ്രവർത്തകരുടെ ആക്ഷേപം. അനുമതി ഇല്ലാതെ ഇട്ടവ പിഴുതുമാറ്റാനാണ് സമിതിയുടെ തീരുമാനം. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച കോർപറേഷൻ പരിധിയിലെ സ്ഥല ഉടമകൾ യോഗം ചേരുന്നുണ്ട്. ഡിസംബറിൽ മേധാ പട്കറെ തൃശൂരിൽ എത്തിച്ച് വിപുലമായ സമരപരിപാടികളും സമിതി ആലോചിക്കുന്നുണ്ട്.
ജനങ്ങളോടൊപ്പം നിന്ന് എതിർക്കും -വി.ഡി. സതീശൻ
തൃശൂർ: പാരിസ്ഥിതിക, സാമൂഹിക പഠനം നടത്താതെ ഏകപക്ഷിയമായി കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാൽ ജനങ്ങളോടൊപ്പം നിന്ന് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ അതിവേഗ പാതക്കായി ഉയരുന്ന മതിൽ ഡാമായി മാറാൻ സാധ്യതയുണ്ട്. മഴ പെയ്താൽ പ്രളയമുണ്ടാകുന്ന സംസ്ഥാനത്താണ് 300 കിലോമീറ്റർ നീളമുള്ള സിൽവർ ലൈൻ പാത വരാൻ പോകുന്നത്. ഇതിന് ഇരുവശത്തും 10 മുതൽ 30 അടി ഉയരത്തിൽ കോട്ടപോലെ മതിൽ ഉയരുേമ്പാൾ ഈ മതിൽ തന്നെ മഴയിൽ ഡാമായി മാറും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.