കെ-സ്മാർട്ടും വന്നു; സ്മാർട്ടാകാതെ തൃശൂർ കോർപറേഷൻ
text_fieldsതൃശൂർ: തദ്ദേശ വകുപ്പിന്റെ സുപ്രധാന നേട്ടമായി പ്രഖ്യാപിച്ച കെ-സ്മാർട്ട് ഓൺലൈൻ സംവിധാനം പ്രാബല്യത്തിൽ വന്നിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ല. തൃശൂർ കോർപറേഷനിൽ റവന്യു വിഭാഗത്തിൽ ദിവസവും നികുതി നൽകാൻ വരുന്നവരുടെ വരി വൈകുന്നേരവും ഒഴിയാതെ കാണാം. മണിക്കൂറുകളാണ് പ്രായമായവരടക്കം നികുതിയൊടുക്കാൻ വരി നിൽക്കേണ്ടി വരുന്നത്. ഒരു നികുതിദായകൻ നികുതി അടച്ചു രസീത് കൈപറ്റി വരാൻ ഏകദദേശം ഒന്നര മണിക്കൂറോളം വേണം.
ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന കെ-സ്മാർട്ട് സംവിധാനം മൂലം നികുതി അടക്കുന്നത് എളുപ്പമാണെന്നാണ് പറയുന്നതെങ്കിലും ഫെബ്രുവരി പകുതിയെത്തുമ്പോഴും കോർപറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കാഴ്ചയിൽ മാറ്റമില്ല. ഓഫിസുകളിലേക്ക് പോകാതെ തന്നെ മൊബൈൽ ആപ്പിലൂടെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുകയാണ് കെ-സ്മാർട്ട്. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം. ആദ്യഘട്ടം സിവിൽ രജിസ്ട്രേഷൻ (ജനന -മരണ വിവാഹ രജിസ്ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഉള്ള ലൈസൻസുകൾ), വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നിങ്ങനെ എട്ട് സേവനങ്ങൾ ജനുവരിയിലും മറ്റിനങ്ങൾ ഉൾപ്പെടുത്തി ഏപ്രിലോടെയും കെ-സ്മാർട്ടിലൂടെ ലഭ്യമാവുമെന്നായിരുന്നു പ്രഖ്യാപനം. നടൻ സുരേഷ്ഗോപിയുടെ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് അര മണിക്കൂറിൽ കൈമാറിയത് കെ-സ്മാർട്ട് നേട്ടമായി മന്ത്രി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ആപ്പ് പ്രവർത്തിപ്പിക്കുന്നത് എങ്ങനെയെന്ന ആശയക്കുഴപ്പത്തിലായി എത്തുന്നവരുമുണ്ട്. പഴയ ഫയലുകളുടെ അപ്ഡേഷൻ പൂർത്തിയാവാത്തതാണ് കോർപറേഷനിലെ കെ-സ്മാർട്ട് പ്രവർത്തനത്തെ ബാധിച്ചിട്ടുള്ളതെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.