കെ സ്മാർട്ട് തയാർ; നികുതി അടക്കാൻ ഇനി കോർപറേഷനിൽ വരേണ്ട
text_fieldsതൃശൂര്‍: തൃശൂർ കോർപറേഷനിൽ വസ്തു നികുതി പരിഷ്കരണവും കെ സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സംവിധാനവും പൂര്‍ത്തിയായതായി മേയർ എം.കെ. വർഗീസ് അറിയിച്ചു. ഇനി കോര്‍പറേഷനിലേക്ക് വരാതെ എവിടെയിരുന്നും വസ്തു നികുതി അടക്കാം.
കോര്പറേഷന് പരിധിയിലെ കെട്ടിടങ്ങള്‍ക്ക് വസ്തു നികുതിയിന്മേൽ 2016 മുതലുള്ള പലിശയും പിഴപ്പലിശയും ഒഴിവാക്കാനും തീരുമാനിച്ചെന്ന് അദ്ദേഹം അറിയിച്ചു. 2010 വരെ വാർഷിക റെന്റല്‍ വാല്യുവിന്റെ (എ.ആര്.വി) അടിസ്ഥാനത്തിലാണ് വസ്തു നികുതി ഈടാക്കിയിരുന്നത്. ഇതിലെ വൈരുധ്യം കാരണം 2011 മുതലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി ഈ സംവിധാനത്തിന് പകരം തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി പരിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോര്പറേഷന് ഉള്‍പ്പെടെ പല തദേശ സ്ഥാപനങ്ങളും ഇത് നടപ്പാക്കിയിട്ടില്ല.
2019ല്‍ എ.സി. മൊയ്തീന് തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് പ്രശ്നങ്ങൾ പരിഹരിച്ച് 2016 മുതല്‍ വസ്തുനികുതി പരിഷ്കരിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ തൃശൂര്‍ കോര്പറേഷന് പരിധിയില്‍ 2016 മുതലുള്ള വസ്തു നികുതി പരിഷ്കരണം, 2018-19 പ്രളയം, 2020-21, 2021-22 കോവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞില്ല. അതേസമയം, പുതിയ കെട്ടിടങ്ങള്‍ക്കും പെര്‍മിറ്റ് പ്രകാരം പുതുക്കുന്ന കെട്ടിടങ്ങള്‍ക്കും വസ്തു നികുതി പരിഷ്കരണം പൂര്‍ത്തിയാക്കുകയും ചെയ്തു.
2023 ഏപ്രിൽ ഒന്ന് മുതല്‍ പുതിയ വസ്തു നികുതി പരിഷ്കരണവും 2024 ഏപ്രിൽ ഒന്ന് മുതല്‍ കെ. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ആക്കുന്നതിന്റെ ഭാഗമായും നികുതി ദായകർ നേരിട്ട പ്രയാസങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. കെ സ്മാർട്ട് പൂർത്തിയായതോടെ അതിന് പരിഹാരമായി. 2016 മുതലുള്ള വസ്തു നികുതി കുടിശിക തീര്‍ത്ത് അടച്ചപ്പോള്‍ നിലനില്‍ക്കുന്ന നിയമപ്രകാരം 2016 മുതലുള്ള പലിശയും പിഴപലിശയും കൂട്ടിച്ചേര്‍ത്താണ് ഈടാക്കിയത്.
ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായതായി ബോധ്യപ്പെട്ട് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് പലിശയും പിഴപ്പലിശയും ഒഴിവാക്കാൻ സര്‍ക്കാരിനോട് നിരവധി തവണ അഭ്യര്‍ഥിക്കുകയും പലിശ ഒഴിവാക്കാൻ സർക്കാർ ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ വസ്തു ഉടമകൾക്ക് അടുത്ത മാർച്ച് 31 വരെ ഗഡുക്കളായി അടക്കാനും അനുമതി നൽകിയിട്ടുണ്ട്. 25 ശതമാനത്തില്‍ താഴെ ആളുകളാണ് വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശിക അടക്കാനുള്ളത്. ഇതില്‍ 50 ശതമാനത്തോളം പലിശയും പിഴ പലിശയുമാണ്. അവ പൂർണമായും ഒഴിവാക്കും. രണ്ട് ഡിവിഷനുകള്‍ ചേര്‍ന്ന് ക്യാമ്പ് കലക്ഷന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.