വാതിൽപ്പടി സേവനം പേരിനു മാത്രം; കടവല്ലൂർ തപാൽ ഓഫിസ് നോക്കുകുത്തി
text_fieldsപെരുമ്പിലാവ്: കടവല്ലൂർ തപാൽ ഓഫിസിൽ സ്ഥിരം ജീവനക്കാർ ഇല്ലാത്തതുമൂലം വാതിൽപ്പടി സേവനം പോലും നിലക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വന്നെത്തുന്ന ജനങ്ങൾക്ക് പോലും ആവശ്യമായ സേവനങ്ങൾ ലഭ്യമല്ലാതായിട്ട് വർഷങ്ങൾ പിന്നിടുന്നു.
ഇതുമൂലം തപാൽ ഉരുപ്പടികൾ, സ്പീഡ് പോസ്റ്റ്, രജിസ്റ്റർ കത്തുകൾ, പാർസലുകൾ ഉൾപ്പെടെയുള്ളവയുടെ വാതിൽപ്പടി സേവനങ്ങൾ പലപ്പോഴും ഇല്ലാതാകുകയാണ്. കത്തുകൾ സ്വീകരിക്കുന്ന സമയം ഉച്ചക്ക് മൂന്നുവരെ ഉണ്ടായിരുന്നത് കുറച്ചുകാലമായി രണ്ടു വരെയാക്കി വെട്ടി ചുരുക്കിയെന്നും വ്യാപക പരാതികൾക്ക് കാരണമായിട്ടുണ്ട്. തപാൽ സ്വീകരിക്കാൻ ബന്ധപ്പെട്ട പോസ്റ്റ് മാസ്റ്റർ സമയത്തെത്താത്തതും ജനങ്ങളെ വലക്കുന്നുണ്ട്.
മെയിൽ വാക്കർ എന്ന തസ്തികയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ ഉച്ചക്കുശേഷം സ്ഥലം വിടുന്നതായി നാട്ടുകാർ ആരോപിച്ചു. നിലവിലുണ്ടായിരുന്ന സ്ഥിരം ജീവനക്കാർ താൽക്കാലിക ജീവനക്കാരെ ചുമതലയേൽപിച്ച് മറ്റു ജോലികളിൽ ഏർപ്പെടുന്നതായും നാട്ടുകാർ കുറ്റപ്പെടുത്തി. ആധാർ പുതുക്കൽ, ജല വകുപ്പ് ബില്ല് സ്വീകരിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
ഇത് സംബന്ധിച്ച് പല തവണ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നും പറയുന്നു. ഉന്നതതല ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.