നോമ്പുതുറ വിഭവങ്ങളുമായി ഇനി വരില്ല, കൈമൾ ചേട്ടൻ
text_fieldsകൊരട്ടി: ഇനിയൊരു റമദാൻ നോമ്പിന്റെ അവസാനരാവിലും കൊരട്ടി മഹല്ലിൽ നോമ്പു വിഭവങ്ങളുമായി കൈമൾചേട്ടൻ വരില്ല. കൈമളിന്റെ ആകസ്മികമരണം കൊരട്ടിക്ക് ഞെട്ടലായി. കൊരട്ടി ചെറ്റാരിക്കൽ എം.വി. ഗോപാലകൈമളുടെ സ്നേഹപൂർണമായ ഓർമകൾ ഇനി മതസൗഹാർദത്തിന്റെ അഭിനന്ദനീയ മാതൃകയായി നിലകൊള്ളും.
രണ്ടു പതിറ്റാണ്ടിലേറെയായി കൊരട്ടി മഹല്ലിന് കീഴിലുള്ള രണ്ട് മസ്ജിദുകളിലേക്ക് നോമ്പുതുറക്കെത്തുന്ന മുസ്ലിം സഹോദരങ്ങൾക്ക് കൈമൾചേട്ടൻ നോമ്പുതുറ വിഭവങ്ങൾ സൗജന്യമായി നൽകിയിരുന്നു. കൊരട്ടി മഹല്ല് കമ്മിറ്റിക്ക് കീഴിൽ, പഴയ ഹൈവേയിലുള്ള ഹിദായത്തുൽ ഇസ്ലാം മെയിൻ ജുമാമസ്ജിദിലെയും കൊരട്ടിക്കും ചിറങ്ങരക്കും ഇടയിൽ നാഷനൽ ഹൈവേക്ക് അടുത്തുള്ള ഹൈവേ ജുമാമസ്ജിദിലെയും നൂറുകണക്കിന് വിശ്വാസികൾക്കാണ് കൈമൾ ചേട്ടന്റെ കൈപ്പുണ്യം നുകരാനായത്. ഇക്കഴിഞ്ഞ നോമ്പുതുറയിലും അവസാന രാവിൽ അദ്ദേഹം വിഭവങ്ങളുമായെത്തിയിരുന്നു. പ്രദേശത്തെ മുസ്ലിം കുടുംബങ്ങൾ കൂടാതെ വിവിധ ദേശങ്ങളിൽനിന്ന് കുടുംബസമേതം ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവരും നമസ്കാരത്തിന് ഇവിടെയെത്തും. നൂറുകണക്കിനാളുകളാണ് പ്രാർഥനക്കും നോമ്പുതുറക്കാനുമായി ഈ രണ്ടു പള്ളികളിലും എത്താറുള്ളത്. നോമ്പിന്റെ എല്ലാ ദിവസവും ആളുകളുടെ എണ്ണം പല കാരണങ്ങളാൽ ഏറിയും കുറഞ്ഞു ഇരിക്കുന്നതിനാൽ നോമ്പ് 27ന് ശേഷം മസ്ജിദിൽ ആളുകളുടെ എണ്ണം അറിയാൻ കൈമൾചേട്ടനെത്തും. കുറവ് വരാതിരിക്കാൻ അവസാന നോമ്പു ദിനത്തിൽ കൂടുതൽ ഭക്ഷണം എത്തിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഒരു കാറ്ററിങ് സ്ഥാപന ഉടമ മാത്രമായിരുന്നില്ല, മതത്തിനതീതമായ നിലപാടുകളുള്ള മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.