വയോജനങ്ങൾക്ക് താങ്ങായി ആൽഫ
text_fieldsകയ്പമംഗലം: ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട വയോധിക ജീവിതങ്ങൾക്ക് താങ്ങാവുകയാണ് എടമുട്ടം ആൽഫ. 2009 ഡിസംബറിൽ കയ്പമംഗലത്ത് ആരംഭിച്ച ആൽഫ ഹോം കെയറാണ് മുപ്പതോളം വയോജനങ്ങൾക്ക് അത്താണിയായിരിക്കുന്നത്.
മതിലകം ബ്ലോക്ക് ഭരണസമിതിയുടെ അഭ്യര്‍ഥന പ്രകാരം കയ്പമംഗലം ബീച്ചിലെ വൃദ്ധമന്ദിരം ആല്‍ഫ കെയര്‍ ഹോം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. എന്നാൽ, നാല് വര്‍ഷങ്ങള്‍ക്കുശേഷം ഈ സ്ഥാപനം എടമുട്ടത്തെ ആല്‍ഫ പാലിയേറ്റിവ് കെയര്‍ കേന്ദ്രത്തിലേക്ക് മാറ്റി.
21 സ്ത്രീകളും ആറ് പുരുഷൻമാരും അടങ്ങുന്നതാണ് അന്തേവാസികൾ. രണ്ടു ബെഡ്റൂമുകള്‍, സിറ്റിങ് റൂം, ബാത്റൂം എന്നീ സൗകര്യങ്ങളുള്ള 12 ഫ്ലാറ്റുകളടങ്ങിയതാണ് ഹോം കെയർ കെട്ടിടം. അന്തേവാസികളിൽ മിക്കവരും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിവില്ലാത്തവരാണ്.
ഇവരെ പരിചരിക്കാൻ ഏഴ് ജീവനക്കാർ സദാ സന്നദ്ധരാണ്. മുഴുവൻ സമയവും കിടത്തിച്ചികിത്സ സേവനമുള്ള പാലിയേറ്റിവ് കെയര്‍ സെന്‍ററിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാല്‍ 24 മണിക്കൂറും വൈദ്യ സഹായം ലഭ്യമാണ്.
പൊലീസ്, മീഡിയ, ജനപ്രതിനിധികള്‍ എന്നിവര്‍ വഴിയാണ് അന്തേവാസികളെ ലഭിക്കാറുള്ളത്. സൗജന്യമായാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം. സര്‍ക്കാറില്‍നിന്നും പൊതു ജനങ്ങളില്‍നിന്നും സഹായങ്ങൾ സ്വീകരിക്കുന്നു.
ശാരീരിക അസ്വസ്ഥതകൾക്കുള്ള പരിചരണം, രുചികരമായ ഭക്ഷണം, വിനോദങ്ങൾ, വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാര്‍ഥികളുടെ സന്ദര്‍ശനവും കലാപരിപാടികളുമെല്ലാം ഇവരുടെ ജീവിതത്തിന് ആനന്ദം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.