തഴപ്പായയിൽ ജീവിതം നെയ്തെടുത്ത് അശോകൻ
text_fieldsകയ്പമംഗലം: ഗ്രാമങ്ങളിൽ അന്യമാകുന്ന തഴപ്പായയെ ഉപജീവന മാർഗമാക്കി മാറ്റിയിരിക്കുകയാണ് എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അടിപറമ്പിൽ അശോകൻ. മൂന്നര പതിറ്റാണ്ടായി വീടുകളിൽനിന്നും പായകൾ ശേഖരിച്ച് ചന്തയിൽ കൊണ്ടുവിറ്റാണ് ഈ 64കാരൻ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 35 വർഷം മുമ്പാണ് തഴപ്പായ വിൽപനയിലേക്കുള്ള അശോകന്റെ കാൽവെപ്പ്. തീരദേശ മേഖലയിൽ കൈതോല സുലഭമായി ലഭിച്ചിരുന്നതിനാൽ ഭൂരിഭാഗം വീടുകളിലും അന്ന് തഴപ്പായ നെയ്ത്ത് സജീവമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ മനോഹരമായി നെയ്തെടുക്കുന്ന മിതമായ വിലയിൽ ലഭിക്കുന്ന തഴപ്പായക്ക് ആവശ്യക്കാരേറെയായിരുന്നു. തഴപ്പായയുടെ മികച്ച വിപണി സാധ്യതയാണ് അശോകനെ പായ വിൽപനക്കാരനാക്കി മാറ്റിയത്.
അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള കടലോര ഗ്രാമങ്ങളിൽനിന്നാണ് അന്ന് കൈതോല പായകൾ ശേഖരിച്ചിരുന്നത്. ആഴ്ചയിൽ 200 മുതൽ 300 വരെ പായകളാണ് വീടുകളിൽനിന്ന് ശേഖരിച്ച് ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്നത്.
പിന്നീട് പ്ലാസ്റ്റിക്ക് പായകൾ വിപണി കീഴടക്കിയതോടെ തഴപ്പായക്ക് ആവശ്യക്കാർ കുറഞ്ഞു. ഇത് തഴപ്പായ നെയ്ത്തുകാരേയും തളർത്തി. കൈതോല നശിച്ചതും പായ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. വീടുകളിൽനിന്ന് ശേഖരിക്കുന്ന പായകളുടെ എണ്ണം ഇപ്പോൾ ആഴ്ചയിൽ 40 മുതൽ 50 വരെയായി ചുരുങ്ങിയതായി അശോകൻ പറഞ്ഞു. 250 - 280 രൂപയാണ് തഴപ്പായകൾക്ക് ഇപ്പോഴത്തെ വില. തൊഴിലുറപ്പ് പദ്ധതി വന്നതോടെ പായ നെയ്ത്ത്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതെന്ന പരിഭവവും അശോകൻ മറച്ചുവെക്കുന്നില്ല. തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂവെങ്കിലും ജീവിതത്തിൽ വഴികാട്ടിയായ തഴപ്പായ വിൽപന അശോകന് ഇന്നും ആവേശമാണ്. വിപണിയിൽ എതിരാളികൾ ശക്തരാണെങ്കിലും അതൊന്നും തന്റെ വിൽപനക്ക് തടസ്സമാകില്ലെന്ന ശുഭപ്രതീക്ഷയാണ് അശോകൻ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.