പണി പൂർത്തിയാകാതെ ഭാവന അംഗൻവാടി
text_fieldsകയ്പമംഗലം: എടത്തിരുത്തി ഏഴാം വാർഡിലെ ഭാവന അംഗൻവാടി കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ. നിർമാണം നിലച്ച് അഞ്ച് വർഷമായിട്ടും പണി പുനരാരംഭിക്കാൻ ഇനിയും അധികൃതർക്കായിട്ടില്ല.
സ്വന്തം സ്ഥലവും കെട്ടിടവുമില്ലാതിരുന്ന അംഗൻവാടിക്ക് 2014ൽ നാട്ടുകാരുടെ സഹകരണത്തോടെ പണം സ്വരൂപിച്ചാണ് നാല് സെന്റ് സ്ഥലം വാങ്ങിയത്. ഇതിൽ കെട്ടിടം പണിയാൻ 2015-16 കാലയളവിൽ തൊഴിലുറപ്പ് പദ്ധതി തുകയായ 10 ലക്ഷം രൂപ അനുവദിക്കുകയും 2017ൽ പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ, തറയും ചുവരും പണിതശേഷം കരാറുകാരൻ നിർമാണം നിർത്തിവെച്ചു. മാറിവന്ന ഭരണസമിതി കെട്ടിടം പണി പൂർത്തീകരിക്കാൻ ശ്രമം നടത്തിയെങ്കിലും എൻ.ആർ.ഇ.ജി ഫണ്ട് ആയതിനാൽ തടസ്സം തുടരുകയാണ്. ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി കെട്ടിടം പണിക്ക് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും എൻ.ആർ.ഇ.ജി ഫണ്ട് നിലനിൽക്കുന്നതിനാൽ മറ്റ് ഫണ്ട് ഉൾപ്പെടുത്തി കെട്ടിടം പണി ആരംഭിക്കാൻ സാധിക്കുന്നില്ലെന്ന് വാർഡ് അംഗം സാജിത പുതിയവീട്ടിൽ പറഞ്ഞു.
എൻ.ആർ.ഇ.ജി ഫണ്ടിൽനിന്ന് െചലവാക്കിയ 1.30 ലക്ഷം രൂപ തിരിച്ചടച്ചാൽ മാത്രമേ മറ്റുഫണ്ടുകൾ കെട്ടിടത്തിന് വിനിയോഗിക്കാൻ കഴിയൂവെന്നതാണ് നിലവിലെ പ്രശ്നം. ഇപ്പോഴും അംഗൻവാടി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. 10 കുട്ടികളാണ് നിലവിലുള്ളത്.
4000 രൂപയാണ് കെട്ടിടത്തിന് പ്രതിമാസം വാടക നൽകുന്നത്. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരമുൾപ്പെടെ സമരമാർഗങ്ങളിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.