ചാമക്കാല ശ്രീനാഥ് കൊലക്കേസ്; പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ
text_fieldsകയ്പമംഗലം: ചെന്ത്രാപ്പിന്നി ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. ചാമക്കാല കോവിൽ തെക്കെവളപ്പിൽ ശ്രീനാഥിനെ വെട്ടിപ്പരിക്കേൽപ്പിച്ച് തോട്ടിൽ മുക്കിക്കൊന്ന കേസിലെ പ്രതികളിലൊരാളായ റെജിയെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
2003 ഡിസംബർ 19നാണ് കൊലപാതകം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂളിന് സമീപത്ത് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം സമീപത്തുള്ള തോട്ടിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ ആറ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട ബാലൻ എന്നറിയപ്പെടുന്ന റെജി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളിൽ പല പേരുകളിൽ താമസിച്ച് വരികയായിരുന്ന പ്രതിയെ രാമനാഥപുരത്തുനിന്നാണ് പിടികൂടിയത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കോയമ്പത്തൂർ ഉക്കടത്ത് ചായക്കടയിൽ ജോലി ചെയ്തിരുന്ന റെജിയെ പൊലീസ് കണ്ടെത്തിയെങ്കിലും പിടിയിലാകും മുമ്പ് ഓടിരക്ഷപ്പെട്ടു. പിന്നീട് രാമനാഥപുരത്തെത്തി ഇറച്ചിക്കടയിൽ ജോലി ചെയ്യുകയും തമിഴ്നാട്ടുകാരിയെ വിവാഹം ചെയ്ത് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചുവരികയുമായിരുന്നു.
ഈയിടെ ഗുരുവായൂർ ക്ഷേത്രത്തിൽ റെജി എത്തിയതായ വിവരമാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. പ്രതി കോയമ്പത്തൂർ ബസിൽ കയറുന്നതായുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ഇറച്ചി വാങ്ങാനെന്ന പേരിൽ കടയിലെത്തിയ പൊലീസ് സംഘം ഇയാളെ ഇറച്ചിക്കട വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.സി. സുനിൽ, സി.ആർ. പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.കെ. ബിജു, സി.പി.ഒ എ.ബി. നിഷാന്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.