വെള്ളക്കെട്ട്: മൃതദേഹം സംസ്കരിച്ചത് കൽഭിത്തിയുടെ മുകളിൽ
text_fieldsകയ്പമംഗലം: മഴയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ മൃതദേഹം സംസ്കരിക്കാൻ പോലും നിവൃത്തിയില്ലാതെ കുടുംബങ്ങൾ. കയ്പമംഗലം പഞ്ചായത്ത് 18ാം വാർഡിൽ തഖ്വ റോഡിന് സമീപത്തുള്ളവരാണ് വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നത്.
തഖ്വ റോഡിന് സമീപം താമസിക്കുന്ന ചിരട്ടപ്പുരക്കൽ ചന്ദ്രൻ, മോഹൻ, പുല്ലാനി ഹനീഫ എന്നിവരുടെ വീടുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വ്യാഴാഴ്ച രാവിലെ മരണപ്പെട്ട ചിരട്ടപ്പുരക്കൽ ചന്ദ്രെൻറ സംസ്കാരം നടത്താൻ വീട്ടുമുറ്റത്ത് നാലടി ഉയരത്തിൽ കൽഭിത്തി കെട്ടേണ്ടി വന്നു. ഇവരുടെ വീടുകളിൽ ചവിട്ടുപടി വരെ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ കനത്താൽ വീടുകളിലേക്കും വെള്ളം കയറും.
പറമ്പിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പ്രദേശത്തെ തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു. വെള്ളം ഒഴുകിപ്പോകാൻ മതിയായ സംവിധാനം ചെയ്യാതെ റോഡ് ഉയർത്തി കോൺക്രീറ്റ് കട്ട വിരിച്ചതും ദുരിതം ഇരട്ടിപ്പിക്കുകയായിരുന്നു. ചളി നിറഞ്ഞ മലിനജലമാണ് വീടുകൾക്ക് ചുറ്റും കെട്ടി നിൽക്കുന്നത്. അതിനാൽ പകർച്ചവ്യാധി ഭീഷണിയും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്.
കുട്ടികളും രോഗികളുമായവർ താമസിക്കുന്നയിടത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.