ദേശീയ ജലപാത വികസനം; കയ്പമംഗലത്ത് ബോട്ട് ജെട്ടി നിർമാണം തുടങ്ങി
text_fieldsകയ്പമംഗലം: ദേശീയ ജലപാത വികസന ഭാഗമായി ജില്ലയിലെ ആദ്യത്തെ ബോട്ട് ജെട്ടി നിർമാണം കയ്പമംഗലത്തെ കനോലി കനാലിന്റെ തീരത്ത് തുടങ്ങി. കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളുടെ അതിർത്തിയിൽ കനാലിന്റെ പഴയ കടവിലാണ് ബോട്ട് ജെട്ടി നിർമിക്കുന്നത്. പണ്ട് ഇവിടെയാണ് വഞ്ചികൾ അടുത്തിരുന്നത്. കോട്ടപ്പുറം, കണ്ടശ്ശാംകടവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചരക്കുകൾ വന്നിരുന്നതും, കൊണ്ടുപോയിരുന്നതുമെല്ലാം ഈ കടവ് വഴിയാണ്. ദേശീയ ജലപാത വികസന ഭാഗമായി ജില്ലയിലെ തൃപ്രയാർ, ഏനാമാവ്, കയ്പമംഗലം എന്നിവിടങ്ങളിലായി മൂന്ന് ബോട്ട് ജെട്ടികളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തെ നിർമാണമാണ് കയ്പമംഗലത്ത് ആരംഭിച്ചത്.
15 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള ജെട്ടിയാണ് നിർമിക്കുന്നത്. ഇതോട് ചേർന്ന് 40 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും ഒരുക്കുന്നുണ്ട്. 90 ലക്ഷം രൂപയാണ് പദ്ധതി തുക. ഇറിഗേഷൻ വകുപ്പിനാണ് നിർമാണ ചുമതല. ആറ് മാസത്തിനുളളിൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.
കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സുകന്യ, പഞ്ചായത്ത അംഗങ്ങളായ ഷെഫീക്ക് സിനാൻ, പി.എ. ഇസ്ഹാഖ്, ഖദീജ പുതിയവീട്ടിൽ, സിബിൻ അമ്പാടി, തൃശൂർ അഡീഷണൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് കുമാർ, അസി. എൻജിനീയർ കെ.എം. സ്മിജ, ഓവർസിയർ നകുൽ, കോൺട്രാക്റ്റർ ഷബീബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.