'പെരിഞ്ഞനോർജം' സോളാർ വൈദ്യുത ഗ്രാമപദ്ധതി ഏറ്റെടുത്ത് തമിഴ്നാട് സർക്കാർ
text_fieldsകയ്പമംഗലം (തൃശൂർ): സംസ്ഥാനത്തെ ഊർജോൽപാദനരംഗത്ത് പുത്തൻ മാതൃകയായ പെരിഞ്ഞനോർജം സോളാർ വൈദ്യുത ഗ്രാമപദ്ധതി നടപ്പാക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പാരമ്പര്യ ഊർജരംഗത്തും അടിസ്ഥാന വർഗങ്ങൾക്കിടയിലും നൂതന പദ്ധതികൾ നിർദേശിക്കുന്ന തമിഴ്നാട്ടിലെ 'പൂവുലകിൻ അൻപർകൾ' എന്ന സംഘടന, പുരപ്പുറ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വീടുകളില്‍നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പെരിഞ്ഞനോർജം പദ്ധതിയെക്കുറിച്ചറിയുകയും അവരുടെ പ്രതിനിധികൾ പഞ്ചായത്ത് സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് സർക്കാറിന്റെ ക്ഷണപ്രകാരം പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. സച്ചിത്ത് പെരിഞ്ഞനോർജം പദ്ധതിയെക്കുറിച്ച് തമിഴ്നാട് ആസൂത്രണബോർഡുമായി ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു.
തുടർന്ന് എം.എൽ.എയും ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ടി.ആർ.ബി. രാജയുടെ നിയോജക മണ്ഡലമായ മന്നാർഗുഡിയിൽ പെരിഞ്ഞനോർജം മോഡൽ പാരമ്പര്യേതര ഊർജമായ പുരപ്പുറ സോളാർ വൈദ്യുത പദ്ധതി നടപ്പാക്കാൻ തീരുമാനമായി.
ഗ്രാമവികസന മന്ത്രാലയം പഞ്ചായത്ത് രാജ് സെക്രട്ടറി അമുദയുമായി നടത്തിയ ചർച്ചയിൽ തമിഴ്നാട്ടിലെ 25 മികച്ച പഞ്ചായത്തുകളിലെ പ്രതിനിധികൾ പെരിഞ്ഞനം പഞ്ചായത്ത് സന്ദർശിച്ച് പദ്ധതി പഠിക്കുവാൻ ജൂലൈ അവസാനം എത്താൻ ധാരണയായി.
കേരള ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെരിഞ്ഞനോർജം പദ്ധതി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളും നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. മുൻവർഷങ്ങളിൽ വിവിധ അവാർഡുകൾ പെരിഞ്ഞനോർജം പദ്ധതിയെ തേടിയെത്തിയിരുന്നു. തമിഴ്നാട് പെരിഞ്ഞനോർജം പദ്ധതി ഏറ്റെടുക്കുന്നത് പെരിഞ്ഞനം പഞ്ചായത്തിനും കേരള സംസ്ഥാനത്തിനും അഭിമാനകരമായ നേട്ടമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.