കാടുപിടിച്ച് മൈതാനങ്ങൾ; പരിശീലനം പ്രതിസന്ധിയിൽ
text_fieldsകയ്പമംഗലം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും വിദ്യാർഥികളുടെ കായിക പരിശീലനം പ്രതിസന്ധിയിൽ. സ്കൂൾ മൈതാനങ്ങളൊക്കെയും കാടുപിടിച്ച കോലത്തിലായി.
വിദ്യാർഥികൾക്ക് കായികക്ഷമത നിലനിർത്താൻ വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമമുറകൾ മാത്രമേ ഓൺലൈനിലൂടെ അധ്യാപകർക്ക് നൽകാനാവൂ. ചിട്ടയായ പ്രായോഗിക പരിശീലനത്തിെൻറ അഭാവം ഭാവിയിൽ കുട്ടികളുടെ കായികക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കായികാധ്യാപകരുടെ വിലയിരുത്തൽ.
വോളിബാൾ രംഗത്ത് നിരവധി കായികപ്രതിഭകളെ സമ്മാനിച്ച മണപ്പുറത്ത് വിവിധ സ്കൂളുകളിലും ക്ലബുകളിലുമായി പരിശീലനം പുരോഗമിക്കേണ്ട സമയമാണ് കോവിഡ് കവർന്നെടുത്തത്. എടത്തിരുത്തി പഞ്ചായത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ വിദ്യാഭവൻ, എസ്.എൻ.എസ്.സി ക്ലബ് എന്നിവിടങ്ങളിലാണ് ദേശീയ-സംസ്ഥാന പ്രതിഭകളെ വാർത്തെടുക്കാൻ വോളിബാൾ പരിശീലന ക്യാമ്പുകൾ നടക്കാറുള്ളത്. പൊതുപരീക്ഷകൾക്ക് ശേഷം ഏപ്രിൽ ആദ്യവാരത്തോടെ പരിശീലന ക്യാമ്പുകൾ ആരംഭിക്കാറുണ്ട്. ജില്ല വോളിബാൾ അസോസിയേഷൻ, ജില്ല സ്പോർട്സ് കൗൺസിൽ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധയിടങ്ങളിലാണ് സൗജന്യമായി ക്യാമ്പുകൾ സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞവർഷം ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്നായി 35 പെൺകുട്ടികൾ ഉൾപ്പെടെ 185 വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
വേനലവധിയിലും മറ്റ് അവധിദിനങ്ങളിലും വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന സംസ്ഥാനത്തെ തന്നെ പ്രധാന വോളി ക്ലബായ എസ്.എൻ.എസ്.സിയും ഇക്കുറി ആശങ്കയിലാണ്.
തീരദേശത്തെ മറ്റു വിദ്യാലയങ്ങളിലും ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിൽ വേനലവധിക്കാലത്ത് പരിശീലനം നൽകാറുണ്ട്. നിലവിൽ ലഘു വ്യായാമ മുറകൾ ചെയ്ത വിഡിയോകൾ അധ്യാപകർക്ക് അയച്ചുകൊടുത്ത് സംശയ നിവാരണം വരുത്താൻ മാത്രമേ വിദ്യാർഥികൾക്ക് കഴിയുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.