‘എച്ച് 2 ഡ്രൈവ്’ ആണ് ഇനി താരം
text_fieldsകയ്പമംഗലം: വാഹനത്തിൽ ഇന്ധനമടിച്ച് കീശ കാലിയാകുന്നുണ്ടോ? എന്നാൽ, 500 രൂപക്ക് ഹൈഡ്രജൻ നിറച്ചാൽ 1200 കിലോമീറ്റർ യാത്രചെയ്യാൻ കഴിയുന്ന നാലുചക്ര വാഹനം നിങ്ങൾക്കിനി പരീക്ഷിക്കാം. ഇരിങ്ങാലക്കുടയിൽ നടന്ന ജില്ല സ്കൂൾ ശാസ്ത്രമേളയിലാണ് മലിനീകരണമില്ലാത്ത വാഹനം പരിചയപ്പെടുത്തിയത്.
ശാസ്ത്രമേളയിലെ സയൻസ് വിഭാഗം വർക്കിങ് മോഡലിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ അൺ എയ്ഡഡ് വിഭാഗം പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ പി.ബി. നിഹാൽകൃഷ്ണ, പി.എസ്. ആദിത്യൻ എന്നിവർ നിർമിച്ച നാലുചക്രവാഹനം കാഴ്ചക്കാരിൽ കൗതുകം നിറച്ചു.
ഒരു വർഷം നീണ്ട ഗവേഷണത്തിനു ശേഷമാണ് ഇരുവരും വാഹനം നിർമിക്കാനുള്ള തയാറെടുപ്പ് നടത്തിയത്. മാരുതി കാറിന്റെ സ്റ്റിയറിങ്, ക്ലച്ച്, ബ്രേക്ക്, ഒമ്നിയുടെ ആക്സിലറേറ്റർ, ബൈക്കിന്റെ എൻജിൻ എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചത്. 100 സി.സിയാണ് എൻജിൻ കപ്പാസിറ്റി. എകദേശം 65,000 രൂപയാണ് നിർമാണ ചെലവ്.
നിലവിലുള്ള ഹൈഡ്രജൻ വാഹനങ്ങളിൽ ഹൈഡ്രജനെ വൈദ്യുതി ആക്കിയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഇതിൽ നേരിട്ട് ഹൈഡ്രജൻ ഉപയോഗിക്കുകയാണെന്ന് നിഹാലും ആദിത്യനും പറഞ്ഞു. പുകക്ക് പകരം വെള്ളമാണ് വരുക. മലിനീകരണം ഇല്ലെന്നതും അറ്റകുറ്റപ്പണി കാര്യമായി ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.
ഓയിൽ ഉപയോഗവും കുറവാണ്. ഹൈഡ്രജൻ ഇന്റേണൽ കംപ്രഷൻ എൻജിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച വാഹനത്തിൽ രണ്ടുപേർക്ക് യാത്രചെയ്യാം. ‘എച്ച്.ടു ഡ്രൈവ്’ എന്നാണ് വാഹനത്തിന് ഇരുവരും നൽകിയിരിക്കുന്ന പേര്.
അധ്യാപകരായ ശാന്തി, ഗിരീഷ്, ശരണ്യ, അമൽനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. വാഹനമോടുമ്പോൾ എൻജിൻ പ്രവർത്തിക്കുന്നതിലൂടെ 40 വോൾട്ട് വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഈ വൈദ്യുതി പ്രയോജനപ്പെടുത്തി വാഹനം നിർത്തിയിടുന്ന അവസരത്തിൽ ഹൈഡ്രോളിസിസ് പ്രവർത്തനം വഴി വെള്ളം ഉപയോഗിച്ച് വണ്ടി പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
നിലവിലെ വാഹനത്തിൽ ഇനി അത്തരമൊരു പരീക്ഷണത്തിനുള്ള തയാറെടുപ്പിലാണ് ഇരുവരും. നിലവിൽ 200 രൂപയാണ് ഒരു സിലിണ്ടർ ഹൈഡ്രജൻ നിറക്കാൻ ചെലവ്.
പക്ഷേ, കേരളത്തിൽ ഈ സംവിധാനം ഇല്ലാത്തതിനാൽ ബംഗളൂരുവിൽനിന്നാണ് ഹൈഡ്രജൻ നിറക്കുന്നത്. കഴിഞ്ഞ വർഷം കുന്നംകുളത്ത് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ 20 മിനിറ്റ് ചാർജ് ചെയ്താൽ 150 കി.മീറ്റർ ഓടിക്കാൻ കഴിയുന്ന ഇലക്ട്രിക് വാഹനം നിർമിച്ച് നിഹാൽ കൃഷ്ണ മേളയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.