മണ്ഡലപരിചയം: കയ്പമംഗലത്ത് പതിവ് തുടരുമോ...
text_fieldsകൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിെൻറ ചരിത്രപടവുകൾ പിന്നിട്ട പഴയ കൊടുങ്ങല്ലൂരിെൻറ ഉടലിൽനിന്നാണ് കയ്പമംഗലം മണ്ഡലത്തിെൻറ പിറവി. മതിലകം ബ്ലോക്ക് പഞ്ചായത്തിെൻറ അതേപരിധി, കൊടുങ്ങല്ലൂരിലെ എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം, പെരിഞ്ഞനത്തിനൊപ്പം നാട്ടികയിൽനിന്ന് കയ്പമംഗലം, എടത്തിരുത്തി ഗ്രാമപഞ്ചായത്തുകൾ കൂട്ടിച്ചേർത്തതോടെ കയ്പമംഗലമായി.
പ്രഥമ തെരഞ്ഞെടുപ്പിൽതന്നെ കൊടുങ്ങല്ലൂരിെൻറ ഇടതുപാരമ്പര്യം കയ്പമംഗലം കാണിച്ചു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മികച്ച വിജയം നേടിയ കെ.പി. ധനപാലൻ കയ്പമംഗലത്ത് 4,337 വോട്ടിന് പിന്നിലായിരുന്നു. 2011ൽ കയ്പമംഗലത്തിെൻറ പ്രഥമ നിയമസഭ സാമാജികനായി 13,576 വോട്ടിെൻറ ഭൂരിപക്ഷത്തിന് സി.പി.ഐയിലെ വി.എസ്. സുനിൽകുമാർ, യു.ഡി.എഫിലെ ജെ.എസ്.എസ് സ്ഥാനാർഥി ഉമേഷ് ചള്ളിയിലിനെ തറപറ്റിച്ചു. 2014ൽ ലോക്സഭയിലേക്ക് എൽ.ഡി.എഫ് സ്വതന്ത്രൻ ഇന്നസെൻറ് നേടിയ 13,884 വോട്ടിെൻറ ഭൂരിപക്ഷത്തിൽ 13,258 വോട്ടും കയ്പംഗലത്തിെൻറ വകയായിരുന്നു. 2016ലെ നിയമസഭ പോരിൽ 33,440 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു എൽ.ഡി.എഫിലെ ഇ.ടി. ടൈസെൻറ വിജയം. ഈ ഭൂരിപക്ഷത്തിന് താഴെ 33,384 വോട്ടാണ് യു.ഡി.എഫിലെ ആർ.എസ്.പി സ്ഥാനാർഥി മുഹമ്മദ് നഹാസ് നേടിയത്. അതേസമയം, എൻ.ഡി.എയുടെ ബി.ഡി.ജെ.എസിലെ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് 30,041 വോട്ട് നേടി.
എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ബെന്നി ബെഹനാൻ കയ്പമംഗലം നേരിയ ഭൂരിപക്ഷത്തിന് മറികടന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 15ൽ 14 ഡിവിഷനുകളും കയ്പമംഗലം ഒഴികെ ആറ് ഗ്രാമപഞ്ചായത്തുകളും ഇടതുമുന്നണി സ്വന്തമാക്കി. 1957 നടന്ന ആദ്യ നിയമസഭ െതരഞ്ഞെടുപ്പിൽ ഇ. ഗോപാലകൃഷ്ണ മേനോൻ കോൺഗ്രസിലെ കുഞ്ഞിമൊയ്തീനെ പരാജയപ്പെടുത്തി. 1960ൽ ഇ. ഗോപാലകൃഷ്ണൻ മേനോനെതിരെ കോൺഗ്രസ് സ്ഥാനാർഥി പി.കെ. അബ്ദുൽ ഖാദർ വിജയം നേടി.
1965ൽ കോൺഗ്രസിലെ കെ.സി. മായിൻകുട്ടി മേത്തർ 16,473 വോട്ടിെൻറ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 1967ൽ കോൺഗ്രസിലെ ഡോ. എ.കെ. മുഹമ്മദ് സഗീറിനെ പരാജയപ്പെടുത്തി പി.കെ. ഗോപാലകൃഷ്ണൻ ഡെപ്യൂട്ടി സ്പീക്കറായി. 1977ൽ ജനകീയ നേതാവ് കോൺഗ്രസ്-സി.പി.ഐ സ്ഥാനാർഥിയായ വി.കെ. രാജൻ സി.പി.എമ്മിലെ പി.വി. കാദറിനെ തോൽപിച്ചു. 1980ലും 82ലും വി.കെ. രാജനായിരുന്നു വിജയം. രണ്ടുതവണയും പ്രഫ. കെ.കെ. രവി ആയിരുന്നു എതിരാളി. 1987 വി.കെ. രാജനെ പിടിച്ചുകെട്ടാൻ കോൺഗ്രസ് കെ.പി. ധനപാലെന രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. 1991ൽ മാളയിലേക്ക് മാറിയ വി.കെ. രാജന് പകരം എൽ.ഡി.എഫ് സ്ഥാനാർഥിയായി വന്ന സി.പി.ഐയിലെ മീനാക്ഷി തമ്പാന് മുസ്ലിം ലീഗ് സ്ഥാനാർഥി ടി.എ. അഹമ്മദ് കബീറിനെതിരെ അനായാസ വിജയം. അടുത്ത തെരഞ്ഞെടുപ്പിൽ കെ. വേണുവിനെ തറപറ്റിച്ച മീനാക്ഷി തമ്പാെൻറ ഭൂരിപക്ഷം 11,189 നിന്ന് 14,109ലേക്ക് ഉയർന്നു. 2001ൽ യു.ഡി.എഫിലെ ജെ.എസ്.എസിെൻറ ഉമേഷ് ചള്ളിയിൽ മീനാക്ഷി തമ്പാനെ അടിയറവ് പറയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുകോട്ട തകർത്ത് പന്ത്രണ്ടായിരത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാൽ, 2006ൽ കെ.പി. രാജേന്ദ്രനെ രംഗത്തിറക്കി എൽ.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചു. പിന്നീട് സി.പി.ഐയിൽ എത്തിയ ഉമേഷ് അതുംവിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറി.
പലപേരുകൾ അന്തരീക്ഷത്തിലുണ്ടെങ്കിലും ഒരുമുന്നണികളും സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നിട്ടില്ല. യു.ഡി.എഫിൽ കോൺഗ്രസും ആർ.എസ്.പിയും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. എൻ.ഡി.എയിലും ധാരണയായിട്ടില്ലത്രെ. എൽ.ഡി.എഫിൽ ഇ.ടി. ടൈസന് മുഖ്യ പരിഗണന ലഭിച്ചേക്കും. 45 ശതമാനം ഈഴവ വോട്ടുള്ള മണ്ഡലത്തിൽ 35 ശതമാനമാണ് മുസ്ലിം വോട്ട്. ധീവര, ക്രൈസ്തവ, നായർ, പട്ടികജാതി വിഭാഗങ്ങൾ എല്ലാം കൂടി 20 ശതമാനത്തോളം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.