ചോരയുണങ്ങാതെ കയ്പമംഗലം; വാഹനാപകടങ്ങള്‍ കുറക്കാൻ നടപടി സ്വീകരിക്കും
text_fieldsകയ്പമംഗലം: ദേശീയപാത 66ൽ കയ്പമംഗലത്ത് തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനായി ഇ.ടി. ടൈസണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചുചേർത്തു. ജനപ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തില്‍ ദേശീയപാത നിര്‍മാണ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനമാണുയർന്നത്.
യാത്രക്കാരുടെ സുരക്ഷക്കായുള്ള യാതൊരു മുന്നൊരുക്കവും നടത്താതെയാണ് അധികൃതര്‍ ആറുവരിപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്ന് യോഗത്തിൽ പങ്കെടുത്തവർ ആരോപിച്ചു. പണികൾ നടക്കുന്ന ഭാഗങ്ങളിൽ താൽക്കാലികമായി കെട്ടിയിരിക്കുന്ന റിബണുകൾ റോഡിന്റെ അതിര്‍ത്തി അറിയുന്നതിന് തടസ്സമുണ്ടാക്കുന്നതായും വാഹനങ്ങള്‍ക്ക് പരസ്പരം സൈഡ് കൊടുത്തുപോകാൻ പ്രയാസമാകുന്നതായും അഭിപ്രായമുയർന്നു.
നിര്‍മാണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് എത്രയുംവേഗം പരിഹാരം കാണാൻ യോഗം തീരുമാനിച്ചു. കൂടാതെ ചെറുറോഡുകളില്‍നിന്നും കയറിവരുന്ന വാഹനങ്ങള്‍ക്ക് കാഴ്ച മറക്കുംവിധം നിർമാണ കമ്പനി സ്ഥാപിച്ച വസ്തുക്കളും നീക്കംചെയ്യും.
എല്ലാ സെന്ററുകളിലും ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ നിർദേശം ഉയര്‍ന്നു. യാത്രക്കിടെ ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാനായി സൗജന്യമായി ചുക്ക് ചായ വിതരണം ചെയ്യാനും ആവശ്യമെങ്കില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സംവിധാനമൊരുക്കാനും ധാരണയായി. കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് കീഴില്‍ രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചത് 40 പേരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്, കയ്പമംഗലം എസ്.ഐ സൂരജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
സിനിമ, ടെലിവിഷൻ താരം കൊല്ലം സുധി ഉൾപ്പെടെ മൂന്ന് പേരാണ് കയ്പമംഗലത്ത് രണ്ടാഴ്ച്ക്കുള്ളിലുണ്ടായ വത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചത്. ചെറുതും വലുതുമായ പത്തോളം വാഹനാപകടങ്ങളാണ് അടുത്തിടെ ദേശീയപാതയിൽ കയ്പമംഗലത്ത് മാത്രം നടന്നത്. തുടർന്ന് വ്യാപകമായ പ്രതിഷേധം ദേശീയപാത അധികൃതർക്കെതിരേ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.