തിരിച്ചെത്തിയത് മരണമുഖത്തുനിന്ന്; ജൈവ കൃഷിക്ക് ഹൃദയം നൽകി മധു
text_fieldsകയ്പമംഗലം: േഡാക്ടർമാർ കുറിച്ച മരണവിധി മാറ്റിയെഴുതിയ മധുവിെൻറ ഹൃദയംനിറയെ ഇന്ന് ജൈവകൃഷിയാണ്. ഹൃദയത്തിെൻറ പ്രവര്‍ത്തനം 20 ശതമാനത്തിലും താഴെയായി മരണം കാത്തുകിടന്ന കയ്പമംഗലം 12ലെ ചക്കാലക്കല്‍ മധുവാണ് മണ്ണുമായി തെൻറ ഹൃദയം കൊരുത്തുവെച്ചത്. അഞ്ചുവര്‍ഷം മുമ്പാണ് അതിജീവന കഥ പിറക്കുന്നത്. രാത്രിയില്‍ പെട്ടെന്നുണ്ടായ ചുമയും ശ്വാസം മുട്ടലുമായിരുന്നു തുടക്കം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചെന്നും പ്രവര്‍ത്തനം 20 ശതമാനത്തില്‍ താഴെയാണെന്നും ഡോക്ടർ അറിയിച്ചു. ഹൃദയം മാറ്റിവെക്കുകയല്ലാതെ നിർവാഹമില്ലെന്ന് ഡോക്ടര്‍ വിധിയെഴുതി.
മറ്റൊരാള്‍ മരിക്കാനും ആ ഹൃദയം തനിക്ക് കിട്ടാനും ആഗ്രഹിക്കുന്നതിനേക്കാള്‍ സ്വന്തം ഹൃദയവുമായി മരണത്തെ നേരിടുകയാണ് നല്ലതെന്ന് തോന്നി. അങ്ങനെ, ഹൃദയം മാറ്റിവെക്കലിൽനിന്ന് പിൻമാറി. ഇതിനിടെ, പള്‍മനറി എഡീമ എന്ന മറ്റൊരു രോഗം കൂടി പിടിപെട്ട് വെൻറിലേറ്ററിലായതോടെ മരണത്തെ നേരിടാൻ മനസ്സൊരുക്കി. ഈ സമയം, മുക്കാല്‍ കോടി രൂപ വിലവരുന്ന 'എല്വാഡ്' എന്ന ഉപകരണം ഘടിപ്പിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഹൃദയം മാറ്റിവെക്കും വരെ മാത്രം ഉപയോഗിക്കാവുന്ന ഉപകരണമാണിതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. അപ്പോഴേക്കും 15 ലക്ഷം രൂപ ചെലവായിക്കഴിഞ്ഞിരുന്നു. ഈ സമയത്താണ് കൊല്ലത്തുള്ള ആശുപത്രിയെ കുറിച്ച് കേട്ടത്.
മെഡിക്കല്‍ റിപ്പോര്‍ട്ട് അവിടത്തെ ഡോക്ടര്‍ക്ക് അയച്ചു കൊടുത്തപ്പോള്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ എളുപ്പത്തില്‍ ഭേദമാകുന്ന അവസ്ഥയാണുള്ളതെന്നും എത്രയും പെട്ടെന്ന് എത്താനും നിർദേശിച്ചു. സാധാരണ ജീവിതം നയിക്കാന്‍ കേവലം നാലു സ്റ്റെൻറുകൾ ഇടേണ്ട ആവശ്യമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോൾ ആത്മവിശ്വാസം വർധിച്ചു. അങ്ങനെ, രണ്ടു ഘട്ടങ്ങളിലായി ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ ഹൃദയത്തിെൻറ പ്രവര്‍ത്തനം 50 ശതമാനത്തിലധികമായി. അപ്പോള്‍ തോന്നിയ ഉന്മേഷവും ആത്മവിശ്വാസവും ജീവിതത്തെ മാറ്റിമറിച്ചു. വീട്ടിലെത്തിയതോടെ മധു ഒരു തീരുമാനമെടുത്തു. ഇനി മണ്ണിലേക്ക് ഇറങ്ങുക തന്നെ.
കുടുംബവകയായി മൂന്നേക്കറിലധികം കൃഷിഭൂമിയുണ്ട്. അവിടെ കരനെല്ലും കപ്പയും മഞ്ഞളും പച്ചക്കറികളും കൃഷി ചെയ്തു. ഇപ്പോൾ കയ്പമംഗലത്തെ അറിയപ്പെടുന്ന ജൈവ കർഷകനാണ്. കൊല്ലത്തെ ഡോക്ടറെ കാണാന്‍ 180 കിലോമീറ്റര്‍ വണ്ടിയോടിച്ചാണ് പോകുന്നതെന്ന് സന്തോഷത്തോടെ പറയുമ്പോൾ, മധു ഓർമിപ്പിക്കുന്ന കാര്യം ഇതാണ്: പാവപ്പെട്ട രോഗികളെ ഭീതിപ്പെടുത്തി കറവപ്പശുക്കളാക്കരുത്. അവര്‍ക്ക് ആത്മവിശ്വാസം പകരുക, അപ്പോള്‍ തന്നെ രോഗം പകുതി ഭേദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.