ചുവപ്പുനാടയിൽ പൊലിഞ്ഞ് നിർധന കുടുംബത്തിന്റെ ഭവന സ്വപ്നം
text_fieldsകയ്പമംഗലം: ചുവപ്പു നാടയിൽ കുടുങ്ങിയിട്ട് മൂന്നു വർഷമാകുന്നു. എടത്തിരുത്തി സിറാജ് പള്ളിക്ക് സമീപത്തെ മുല്ലങ്ങത്ത് മോഹിനിയും രണ്ട് മക്കളുമാണ് താമസിക്കാനിടമില്ലാതെ കണ്ണീരിൽ കഴിയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച മോഹിനി, കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. വാടകയും മക്കളുടെ പഠനവും ചെലവും താങ്ങാനാവാതെ പെരുവഴിയിലായ കുടുംബം അയൽവാസിയുടെ കാരുണ്യത്തിൽ വീഴാറായ കെട്ടിടത്തിൽ താമസിക്കുകയാണിപ്പോൾ.
2018 ലെ പ്രളയത്തെ തുടർന്ന് മലപ്പുറം കേന്ദ്രമായിട്ടുള്ള സന്നദ്ധ സംഘടനയാണ് ഇവർക്ക് വീടുവെക്കാനായി അഞ്ചു സെന്റ് ഭൂമി വാങ്ങി നൽകിയത്. വീട് നിർമ്മിച്ചു നൽകാനും അവർ തന്നെ മുന്നോട്ടു വന്നപ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കിയത്. വസ്തു നെൽവയൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന കാരണത്താൽ വീടുവെക്കാൻ പഞ്ചായത്തിൽ നിന്ന് എൻ.ഒ.സി ലഭിച്ചില്ല. മാനസികമായി തളർന്ന വീട്ടമ്മ ഭൂമി തരം മാറ്റാനായി വില്ലേജിലും ആർ.ഡി.ഓഫീസിലും കൃഷിഭവനിലും പഞ്ചായത്തിലും നിരന്തരം കയറിയിറങ്ങി. പലതവണ എൽ.എൽ.എം.സിയിൽ അപേക്ഷ നൽകുകയും അദാലത്തിൽ ഹാജരാവുകയും ചെയ്തു. എന്നാൽ, മൂന്നു വർഷമായി അലഞ്ഞിട്ടും ഭൂമി തരംമാറ്റി നൽകുകയോ വീടുവെക്കാൻ അനുമതി ലഭിക്കുകയോ ഉണ്ടായില്ല.
ഇതിനിടെ, മാനസിക സംഘർഷം മൂലം രോഗിയായ മോഹിനി ആശുപത്രിയിൽ പ്രവേശിച്ചു. ഗത്യന്തരമില്ലാതെ, സന്നദ്ധ സംഘടനാ പ്രതിനിധി തന്നെ കലക്ടറെ ബന്ധപ്പെട്ടെങ്കിലും കലക്ടർ നടപടി ആർ.ഡി.ഒക്ക് കൈമാറി. 2008 ന് ശേഷം പ്രസ്തുത ഭൂമിയിൽ കൃഷി നടന്നിട്ടുണ്ടോ എന്ന അന്വേഷണം കൃഷി വകുപ്പിനും കീറാമുട്ടിയായി. അവസാനം, സാറ്റലൈറ്റ് സർവേ വരെ നടത്തേണ്ടി വന്നു. ഇതു സംബന്ധമായി കെ.എസ്.ആർ.ഇ.സിയുടെ റിപ്പോർട്ട് തിങ്കളാഴ്ച ലഭിച്ചിട്ടുണ്ടെന്നും നിർമാണ അനുമതി ലഭിക്കാൻ തടസ്സമുണ്ടാവില്ലെന്നുമാണ് കൃഷി ഭവനിൽ നിന്ന് ലഭിച്ച വിവരം.
എടത്തിരുത്തിയിൽ തന്നെ ഏക്കർ കണക്കിന് നെല്പാടങ്ങൾ നികത്തുന്നത് നിത്യ സംഭവമായിരിക്കെയാണ് അനാഥ കുടുംബത്തിന് ഈ ദുർഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.