മൂന്നുപീടിക ബീച്ച് റോഡ്; സംരക്ഷണത്തിന് ആവശ്യം ശക്തം
text_fieldsകയ്പമംഗലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ബൈപാസ് റോഡ് വരുന്നതോടെ മൂന്നുപീടിക ബീച്ച് റോഡിനും മൂന്നുപീടിക സെന്ററിനും പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ആശയങ്കയിൽ വ്യാപാരികളും നാട്ടുകാരും.
പ്രശ്നം പരിഹരിക്കാൻ മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബീച്ച് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.
ദേശീയപാത 66 ആറുവരിപ്പാതയാക്കുമ്പോൾ പ്രധാന ടൗണുകൾ ഒഴിവാക്കുന്നതിനായി നിർദേശിക്കപ്പെട്ടിട്ടുള്ള ബൈപാസുകളിലൊന്നായ മൂന്നുപീടിക ബൈപാസാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽനിന്ന് ടൗണിലേക്കും തിരിച്ചും സഞ്ചരിക്കാനുള്ള പ്രധാന റോഡാണ് മൂന്നുപീടിക ബീച്ച് റോഡ്.
നിരവധിയിടങ്ങളിലേക്ക് ബസ് സർവിസുള്ള റോഡാണിത്. ഈ റോഡിന് ടൗണിൽനിന്ന് അരക്കിലോമീറ്ററോളം പടിഞ്ഞാറേ ഭാഗത്ത് മുറിച്ചുകടന്നാണ് ബൈപാസ് റോഡ് നിർമിക്കുന്നത്. നിർദ്ദിഷ്ട പാതയിൽ ഇവിടെ അടിപ്പാതയില്ല. ബൈപാസ് വരുന്നതോടെ ജനങ്ങൾക്ക് മൂന്നുപീടികയിൽ എത്തണമെങ്കിൽ രണ്ട് കിലോമീറ്ററോളം സർവിസ് റോഡിലൂടെ ചുറ്റിത്തിരിയേണ്ടി വരും.
ബൈപാസ് ആരംഭിക്കുന്ന വഴിയമ്പലം സെന്ററിലും അവസാനിക്കുന്ന കൊറ്റംകുളം സെന്ററിലും പെരിഞ്ഞനം പഞ്ചാരവളവിനുമടുത്താണ് അടിപ്പാത നിർമിക്കാൻ പോകുന്നത്.
കൊടുങ്ങല്ലൂരിനും തൃപ്രയാറിനും ഇടയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് മൂന്നുപീടിക. 600ലധികം വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ഹമദാനി പള്ളി പരിസരത്ത് ആരംഭിച്ച പ്രതിഷേധ റാലിയിൽ സ്ത്രീകളുപ്പെടെ നിരവധിപേർ പങ്കെടുത്തു. തുടർന്ന് മൂന്നുപീടികയിൽ നടന്ന പൊതുയോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു.
മൂന്നുപീടിക ബൈപാസിൽ ബീച്ച് റോഡ് പ്രവേശിക്കുന്ന സ്ഥലത്ത് സിഗ്നൽ സംവിധാനം സ്ഥാപിച്ച്, ബീച്ച് റോഡിൽ ഗതാഗതം തടസ്സമില്ലാതാക്കാൻ ശ്രമം നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. സംരക്ഷണ സമിതി ജനറൽ കൺവീനർ പി.എം. റഫീക്ക് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, പെരിഞ്ഞനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അബ്ദുൽ നാസർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ജെ. പോൾസൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.വൈ. ഷെമീർ, ഉബൈദുല്ല, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.