കയ്പമംഗലത്ത് വോട്ടർമാരുടെ പേര് വ്യാപകമായി വെട്ടിമാറ്റിയെന്ന് കോൺഗ്രസ്
text_fieldsകയ്പമംഗലം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽനിന്ന് ഭരണസമിതി നേതൃത്വത്തിൽ വോട്ടർമാരുടെ പേര് വ്യാപകമായി വെട്ടിമാറ്റിയെന്ന് കോൺഗ്രസ്. കോൺഗ്രസിന് സ്വാധീനമുള്ള വാർഡുകളിൽനിന്ന് ആയിരത്തിലധികം പേരെ വെട്ടിമാറ്റിയതായും രണ്ട്, ആറ്, 12 അടക്കമുള്ള വാർഡുകളിൽ ചിലതിൽ 250ഓളം പേർ പോലും പുറത്തായിട്ടുണ്ടെന്നും പാർട്ടി കുറ്റപ്പെടുത്തി.
ആക്ഷേപമുന്നയിക്കപ്പെട്ടവരുടെ മൊത്തം ലിസ്റ്റ് പഞ്ചായത്തിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഹിയറിങ് അവസാനിക്കുന്ന തിങ്കളാഴ്ചയും നിരവധിപേർ വിഷയം അറിഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എ. അനസ് അധ്യക്ഷത വഹിച്ചു.
അതേസമയം, വോട്ടർപട്ടികയിൽനിന്ന് പേരുവെട്ടാനായി ആക്ഷേപമുന്നയിച്ചവരിൽ സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി അടക്കം എല്ലാ പാർട്ടിക്കാരുമുണ്ടെന്നും പേരുചേർക്കുന്ന പ്രക്രിയയിൽ ഇടതുപക്ഷം ബഹുദൂരം മുന്നോട്ടുപോയതിൽ വിറളിപിടിച്ചാണ് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തുവന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു പറഞ്ഞു.
അതേസമയം, പേരുവെട്ടാനായി വിവിധ പാർട്ടിക്കാർ നൽകിയ ആകെ അപേക്ഷ 1361 ആണെന്നും ഈ പട്ടിക പഞ്ചായത്ത് ഓഫിസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ആക്ഷേപം ഉന്നയിക്കപ്പെട്ടവർക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന 26 വരെ അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.