രക്തക്കറ മായാതെ ദേശീയപാത
text_fieldsകയ്പമംഗലം: ദേശീയപാത കയ്പമംഗലം മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പെരിഞ്ഞനം മുതൽ എടമുട്ടംവരെയുള്ള ഭാഗങ്ങളിലാണ് ഒന്നിനു പിറകെ ഒന്നായി അപകടം. ആറുവരിപ്പാതയാക്കൽ പണി ആരംഭിച്ചതോടെ പലയിടങ്ങളിലും റോഡിന്റെ അതിര് മനസ്സിലാക്കാൻ കഴിയാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു.
മരം മുറിച്ച തടിക്കഷ്ണങ്ങളും കെട്ടിടാവശിഷ്ടങ്ങളും റോഡരികിൽ കിടക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി മാത്രം മൂന്ന് അപകടങ്ങളാണ് പാതയിലുണ്ടായത്. കയ്പമംഗലം പന്ത്രണ്ടിൽ സ്കൂട്ടറിൽ ബസിടിച്ച് കാളമുറി സ്വദേശി ആഷിഫക്ക് ഗുരുതര പരിക്കേറ്റു.
വഴിയമ്പലം സെന്ററിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ അബ്ബാസിനും പരിക്കേറ്റു. ഞായറാഴ്ച പുലർച്ച ടോറസ് ലോറിയിടിച്ച് കാർ യാത്രക്കാരൻ എരുമപ്പെട്ടി സ്വദേശി സുരേന്ദ്രൻ മരണപ്പെട്ടു. ഇതിന്റെ നടുക്കം മാറുംമുമ്പെ ചൊവ്വാഴ്ച വീണ്ടും അപകടമുണ്ടായി. മത്സരിച്ചോടിയ സ്വകാര്യ ബസ് കാറിലിടിച്ചാണ് അപകടം.
കയ്പമംഗലം പന്ത്രണ്ടിൽ ഓർഡിനറി ബസുമായി മത്സരിച്ചോടിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിൽ ഇടിക്കുകയായിരുന്നു. വരാപ്പുഴയിൽനിന്നും പാലക്കാട്ടേക്ക് പോയവരുടെ കാറിലാണ് ഇടിച്ചത്. ആർക്കും പരിക്കില്ല. ഒരു മാസംമുമ്പാണ് പനമ്പിക്കുന്നിൽ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ഇതിന്റെ നേരെ എതിർദിശയിലുള്ള മറ്റൊരു മരത്തിൽ കാറിടിച്ച് യാത്രക്കാരന് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.