കരുതലിെൻറ പ്രളയപ്പുരകളുമായി പെരിഞ്ഞനം പഞ്ചായത്ത്
text_fieldsകയ്പമംഗലം: പ്രളയം ജീവിതം തകർത്തെറിഞ്ഞവർക്ക് നേരെ കരുതലിെൻറ 'പ്രളയപ്പുരകൾ' നീട്ടുകയാണ് പെരിഞ്ഞനം. 2018ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുകയാണ് പെരിഞ്ഞനം പഞ്ചായത്ത്.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനോലി കനാലിനോട് ചേർന്ന് 60 സെൻറ് സർക്കാർ പുറമ്പോക്കുഭൂമിയിലാണ് റോട്ടറി ക്ലബിെൻറ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ച് ഭവനസമുച്ചയം പൂർത്തീകരിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് ഡയറക്ടർ പത്മശ്രീ ശങ്കർ രൂപകൽപന ചെയ്ത വീടുകൾ ഓരോന്നും 530 ചതുരശ്രയടി വീതമാണ്.
ഇരുനിലകളിലായി നാലു വീടുകൾ അടങ്ങുന്ന ഭവനസമുച്ചയങ്ങളാണിവ. രണ്ട് ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂം, വരാന്ത, അടുക്കള, ബാൽക്കണി എന്നിവയുൾക്കൊള്ളുന്ന വീടുകളിൽ വൈദ്യുതീകരണം അടക്കമുള്ള പണികളും ഹാബിറ്റാറ്റ് തന്നെയാണ് പൂർത്തിയാക്കിയത്.
വീടുകൾ നിർമിക്കാനാവശ്യമായ റവന്യൂ പുറമ്പോക്കുഭൂമി ഏറ്റെടുക്കലിനായി ജില്ല കലക്ടർ ആയിരുന്ന ടി.വി. അനുപമയാണ് മുൻകൈയെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് പറഞ്ഞു. സെപ്റ്റംബർ 12ന് രാവിലെ 9.30ന് കുറ്റിലക്കടവ് ഫ്ലാറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ ജില്ല കലക്ടർ എസ്. ഷാനവാസിന് വീടുകളുടെ താക്കോൽ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.