കാഴ്ചപ്പുരയായി പെരിഞ്ഞനത്തൊരു പ്രളയപ്പുര
text_fieldsകയ്പമംഗലം: പ്രളയബാധിതർക്കായി പെരിഞ്ഞനം പഞ്ചായത്തിൽ പണിതീർത്ത ഭവന സമുച്ചയമായ ‘പ്രളയപ്പുര’ കാടുകയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടിട്ടും താമസക്കാരെ കാത്തുകിടക്കേണ്ട ഗതികേടിലാണിത്. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് മുൻ പ്രസിഡന്റ് കെ.കെ. സച്ചിത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രളയപ്പുര എന്ന പേരിൽ ഭവന സമുച്ചയമൊരുക്കാൻ തീരുമാനിച്ചത്.
അഞ്ചാം വാർഡിൽ കനോലി കനാലിനോട് ചേർന്ന 62 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി ഇതിനായി തിരഞ്ഞെടുക്കുകയും 2019 സെപ്റ്റംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. റോട്ടറി ക്ലബിന്റെ സി.എസ്.ആർ ഫണ്ടായ ഒരു കോടി രൂപ ചെലവഴിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ കെട്ടിടം പണി പൂർത്തീകരിച്ചു.
ഇരുനിലകളിലായി 530 ചതുരശ്ര അടി വീതം 14 വീടുകളാണ് നിർമിച്ചത്. ഇവിടേക്ക് ഒരു വ്യക്തി നൽകിയ വഴി പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടൈൽസ് വിരിച്ച് റോഡാക്കി. സമീപത്തുള്ള കാനക്ക് സംരക്ഷണഭിത്തി കെട്ടി. സമുച്ചയത്തിലെ വൈദ്യുതീകരണമുൾപ്പെടെ പണികളും ത്വരിതഗതിയിൽ പൂർത്തീകരിച്ചു.
2021 സെപ്റ്റംബർ 12ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പ്രളയപ്പുരയുടെ ഉദ്ഘാടനം നിർവഹിക്കുകയും താക്കോൽ കലക്ടർക്ക് കൈമാറുകയും ചെയ്തു. പ്രളയബാധിതരെ കൂടാതെ സ്വന്തമായി വീടും സ്ഥലവുമില്ലാത്ത പഞ്ചായത്തിലെ അർഹരായ കുടുംബങ്ങളേയും കൂടി പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്ത് അധികൃതർ ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. പഞ്ചായത്ത് നൽകിയ പട്ടിക പരിശോധിച്ച് അർഹരായവരെ കണ്ടെത്തേണ്ട ചുമതല ജില്ല ഭരണകൂടത്തിനായിരുന്നു.
പഞ്ചായത്ത് നല്കിയ പട്ടികയില്‍നിന്ന് ജില്ല ഭരണകൂടത്തിന്റെ മാനദണ്ഡപ്രകാരം ഭൂ-ഭവനരഹിതരില്‍നിന്ന് രണ്ട് ഗുണഭോക്താക്കളെ കണ്ടെത്തി. നിലവിൽ രണ്ട് കുടുംബങ്ങളാണ് പ്രളയപ്പുരയിലുള്ളത്. ബാക്കിയുള്ള 12 കുടുംബങ്ങള്‍ക്കായി ജില്ല ഭരണകൂടം സര്‍ക്കാറിന് സമര്‍പ്പിച്ച ഗുണഭോക്താക്കളുടെ പട്ടിക ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. മാസങ്ങൾ പിന്നിട്ടിട്ടും നടപടികൾ ഇല്ലാതായതോടെ നിലവിലെ പഞ്ചായത്ത് ഭരണസമിതി കലക്ടറെ സമീപിക്കുകയായിരുന്നു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മാത്രമേ ഭവന സമുച്ചയം അനുവദിക്കാൻ കഴിയുകയുള്ളൂവെന്നാണ് സർക്കാർ ഉത്തരവെന്ന് ജില്ല ഭരണകൂടം ആവർത്തിച്ചതോടെ പ്രളയപ്പുര വീണ്ടും ‘കാഴ്ചപ്പുര’യാകുകയാണ്. പെരിഞ്ഞനം പഞ്ചായത്തിൽ അർഹരായവരില്ലെങ്കിൽ മറ്റു പഞ്ചായത്തുകളിൽനിന്ന് അർഹരെ കണ്ടെത്തേണ്ടിവരുമെന്നായിരുന്നു റവന്യൂ അധികൃതരുടെ നിലപാട്.
ഇതുപ്രകാരം തലപ്പിള്ളിയില്‍ നിന്നും കൊടുങ്ങല്ലൂർ ആനാപ്പുഴയില്‍ നിന്നും അര്‍ഹരെ ജില്ല ഭരണകൂടം കണ്ടെത്തിയെങ്കിലും നാടും സാഹചര്യവും ഉപേക്ഷിച്ചു പോരാന്‍ അവരാരും തയാറായിരുന്നില്ലെന്നാണ് ലഭ്യമായ വിവരം.ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത മാനദണ്ഡങ്ങളിലെ അവ്യക്തതയാണ് തുടർ നടപടികൾക്ക് തടസ്സം.
പ്രളയത്തില്‍ വീടു നഷ്ടമായവര്‍ക്ക് സര്‍ക്കാറില്‍നിന്ന് വീടു പണിയാൻ ധന സഹായം ലഭിച്ചതിനാല്‍ പ്രളയ ബാധിതരായ ഗുണഭോക്താക്കള്‍ താരതമ്യേന കുറവാണ് എന്നതും ലൈഫ് മിഷന് പദ്ധതിയില്‍ പെട്ട വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പ്രളയപ്പുര അനുവദിച്ചുകൊടുക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നീക്കം ഇല്ലാത്തതും ജില്ല ഭരണകൂടവും പഞ്ചായത്തും തമ്മിൽ വിഷയത്തിൽ തുടരുന്ന തര്‍ക്കവുമാണ് പദ്ധതിയെ ഇത്തരത്തിലാക്കിയതെന്നും വ്യാപക ആക്ഷേപമുണ്ട്.
പദ്ധതി ലൈഫ് പദ്ധതിയില്‍ പെട്ട മറ്റു ഗുണഭോക്താക്കള്‍ക്കും നല്‍കാമെന്ന നിര്‍ദേശം ഇറക്കിയിരുന്നെങ്കില്‍ അർഹരായവർക്ക് പ്രയോജനം ലഭ്യമായേനേയെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് പറഞ്ഞു. അതേസമയം, ഭവന-ഭൂരഹിതർക്കു കൂടി ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.