കമ്പനിക്കടവ് ബീച്ചിൽ കടലാമകൾ ചത്തടിയുന്നു
text_fieldsകയ്പമംഗലം: കമ്പനിക്കടവ് ബീച്ചിൽ കടലാമകൾ വ്യാപകമായി ചത്തടിയുന്നു. വംശനാശഭീഷണി നേരിടുന്ന ഈ ഉരഗവര്‍ഗ ജീവിക്ക് മനുഷ്യരുടെ ഇടപെടലും കാലാവസ്ഥ വ്യതിയാനവുമാണ് വിനയാകുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം കടലമാകളാണ് ഇവിടെ ചത്ത് കരക്കടിഞ്ഞത്. നവംബര്‍ മുതൽ ഫെബ്രുവരി, മാര്‍ച്ച് വരെ ഇവയുടെ പ്രജനനകാലമാണ്. മുട്ടയിടാനായി മാത്രം കരയിലേക്ക് വരുന്ന ജീവിയാണ് കടലാമ. ഇതിനായി രാത്രികാലങ്ങളില്‍ സുരക്ഷിതമായ ഇടംതേടി കരയോട് ചേര്‍ന്ന് സഞ്ചരിക്കുന്ന കടലാമകള്‍ അപകടത്തില്‍പെട്ടാണ് പലപ്പോഴും ചാവുന്നത്. ബോട്ടുകളുടെയും വള്ളങ്ങളുടെയും മറ്റും യന്ത്രഭാഗങ്ങള്‍ തട്ടി പരിക്കേല്‍ക്കുന്ന കടലാമകള്‍ ദിവസങ്ങള്‍ക്കകം ചത്ത് കരക്കടിയുകയാണ്. കടലിലെ അശാസ്ത്രീയ മീന്‍പിടിത്തവും ഇവകള്‍ക്ക് വിനയാകുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
തെങ്ങിന്റെ കൊഴിഞ്ചിലുകളും പ്ലാസ്റ്റിക് വസ്തുക്കളും ടാങ്കീസ് ഉപയോഗിച്ച് ചേര്‍ത്ത് കെട്ടി, കടലില്‍ നിക്ഷേപിച്ച് നടത്തുന്ന കണവ പിടിത്തം ഇപ്പോഴും നടക്കുന്നുണ്ട്. ഇത് തീരത്തടിഞ്ഞ് കടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യം കൂടാനും ഇടയാക്കുന്നുണ്ട്. മറ്റ് ജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന ഇത്തരം മീന്പിടിത്തങ്ങള്ക്ക് നിരോധനമുണ്ടെങ്കിലും പരിശോധനകളൊന്നും നടക്കാറില്ല. ഒലീവ് റിഡ്ലി എന്ന ഇനത്തില്‍പെട്ട കടലാമകളാണ് ഈ മേഖലയില്‍ കൂടുതലായും കാണുന്നത്.
കരയില്‍ സുരക്ഷിത സ്ഥലം കണ്ടെത്തി മുട്ടയിട്ട് മടങ്ങുന്ന കടലാമകളുടെ കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് സംരക്ഷകരാവാറുള്ളത്. 50 ദിവസത്തിലധികം എടുത്താണ് മുട്ട വിരിയുക. കഴിഞ്ഞദിവസം കമ്പനിക്കടവില്‍ നൂറോളം കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഇതേ സ്ഥലത്തുതന്നെയാണ് രണ്ടുമാസത്തിനിടെ പത്തോളം കടലാമകള്‍ ചത്ത് കരക്കടിഞ്ഞതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.