കയ്പമംഗലത്ത് കവർച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsകയ്പമംഗലം: കയ്പമംഗലത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പടാകുളം സ്വദേശി ഐശ്യര്യ നിലയത്തിൽ അനുഷ് ചന്ദ്രനെയും (18), പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
മതിലകം തൃപ്പേക്കുളത്ത് പലചരക്ക് കട കുത്തിത്തുറന്ന് 3400 രൂപയും മസാല പൊടികളും മോഷ്ടിച്ച കേസിലും എടത്തിരുത്തി ചൂലൂരിൽ റിയൽ മാർട്ട് എന്ന സ്ഥാപനം കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും ഉൾപ്പെടെ 18000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിലുമാണ് അറസ്റ്റ്. ചളിങ്ങാട് പള്ളിനടയിലെ പച്ചക്കറി കടയിൽ മോഷണം നടത്തിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
നവംബർ ഇരുപതിനാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം മൂന്ന് കടകളിലും മോഷണം നടത്തിയത്. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതികൾ മോഷണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐമാരായ സൂരജ്, ബിജു, സീനിയർ സി.പി.ഒമാരായ സുനിൽ കുമാർ, നിഷി, സി.പി.ഒമാരായ ബിജു, മുഹമ്മദ് ഫാറൂഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.