അധികൃതർക്ക് നോക്കാൻ സമയമില്ല; കാട് കയറി നശിച്ച് സൗഹൃദ തീരം
text_fieldsകയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല സൗഹൃദ തീരം കാട് കയറി നശിക്കുന്നു. മേല്‍നോട്ടത്തിനും പരിപാലനത്തിനും ആരും ഇല്ലാതായതോടെയാണ് തീരം അനാഥാവസ്ഥയിലായത്. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമിച്ച പാർക്കും സമാന അവസ്ഥയിലാണ്. അവധി ദിവസങ്ങളിൽ നിരവധി സന്ദർശകർ എത്തുന്ന ബീച്ചിലേക്ക് കടക്കാന്‍ കൃത്യമായ വഴിപോലും ഇപ്പോഴില്ല.
ജീര്‍ണാവസ്ഥയിലുള്ള മരപ്പാലത്തിലൂടെ ജീവൻ പണയപ്പെടുത്തി വേണം ബീച്ചിലേക്ക് പ്രവേശിക്കാൻ. പലകകള്‍ അടര്‍ന്ന് എപ്പോള്‍ വേണമെങ്കിലും പാലം താഴെ വീഴുമെന്ന അവസ്ഥയിലാണ്. 2019-20 കാലയളവില്‍ ഇ.ടി. ടൈസണ്‍ എം.എല്‍.എ.യുടെ വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് കടലോരം നവീകരിച്ചത്. അരയേക്കറോളം വരുന്ന സ്ഥലത്ത് ചുറ്റുഭിത്തിയും മിനിപാര്ക്കുമാണ് ആദ്യഘട്ടത്തിൽ നിര്‍മിച്ചത്. കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്.
എടത്തിരുത്തി പഞ്ചായത്തിനാണ് പാര്‍ക്കിന്റെ മേല്‍നോട്ടച്ചുമതല. എന്നാല്‍ 2020ല്‍ ഇത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെയും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പാര്‍ക്ക് നിര്‍മിക്കാൻ മുമ്പായി ടീം ഓഫ് ചാമക്കാല എന്ന കൂട്ടായ്മയാണ് ബീച്ചിലേക്ക് കടക്കാനായി അറപ്പത്തോടിനു കുറുകെ മരപ്പാലം ഉണ്ടാക്കിയത്. ഇതിലൂടെ മാത്രമേ പാര്‍ക്കിലേക്ക് കടക്കാനാവൂ. എന്നാല്‍ ഉപ്പുവെള്ളവും കടല്‍ കാറ്റുമടിച്ച് മരപ്പാലം തകര്‍ന്ന നിലയിലാണ്. പുല്ലുകളും വള്ളിപ്പര്പ്പും കയറി പാര്‍ക്കും നാശത്തിന്റെ വക്കിലാണ്.
കടപ്പുറത്ത് സ്ഥാപിച്ചിരുന്ന മിനിമാസ്റ്റ് ലൈറ്റ് കത്താതായിട്ടും മാസങ്ങളായി. ഇവിടെ നിന്നും മത്സ്യബന്ധനത്തിനിറങ്ങുന്ന വള്ളക്കാർക്ക് വെളിച്ചമില്ലാത്ത അവസ്ഥയാണെന്നും തൊഴിലാളികൾ പറഞ്ഞു. സമീപ പഞ്ചായത്തുകളെല്ലാം കടലോര സൗന്ദര്യവത്കരണത്തിനായി പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കെയാണ് എടത്തിരുത്തി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയോട് അധികൃതരുടെ ഈ അവഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.