വില്ലേജ് ഓഫിസിൽ തിരക്കോട് തിരക്ക്; സർട്ടിഫിക്കറ്റിന് കാത്തിരുന്ന് മടുത്ത് ജനം
text_fieldsകയ്പമംഗലം: അപേക്ഷ നല്‍കി ഒരു മാസമായിട്ടും കയ്പമംഗലം വില്ലേജ് ഓഫിസിൽനിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. സാമൂഹിക സുരക്ഷ പെന്‍ഷന്‍ പുതുക്കാനുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ ആവശ്യത്തിനുള്ള വരുമാനം, ജാതി, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളുമാണ് കിട്ടാത്തത്.
ഇതോടെ പെന്‍ഷന്‍ വാങ്ങുന്ന വയോധികരും വിധവകളുമുള്‍പ്പെടെയുള്ളവര്‍ വില്ലേജ് ഓഫിസ് കയറിയിറങ്ങി വിയര്‍ക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അക്ഷയ സെന്ററുകള്‍ വഴിയും മറ്റ് ഓണ്‍ലൈന്‍ സെന്ററുകള്‍ വഴിയും അപേക്ഷ നല്‍കിയവരാണ് കുഴങ്ങുന്നത്.
ആഴ്ചകള്‍ കാത്തിരുന്നിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ വില്ലേജ് ഓഫിസില്‍ നേരിട്ടെത്തി അന്വേഷിക്കുന്നവരോട്, ഇനിയും കാത്തിരിക്കാനാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പലതവണ ഓഫിസ് കയറിയിറങ്ങി മടുത്ത അപേക്ഷകര്‍ ഓഫിസില്‍ ബഹളമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.
അതേസമയം, സമീപ വില്ലേജുകളിലും സമാന രീതിയില്‍ തിരക്കുണ്ടെങ്കിലും ആഴ്ചകളോളം കാത്തിരിക്കേണ്ട സ്ഥിതിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സാമൂഹിക സുരക്ഷ പെന്‍ഷൻ വാങ്ങുന്നവർ രേഖകൾ പുതുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെയാണ് വില്ലേജുകളില്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കുന്നുകൂടിയത്.
പെന്‍ഷന്‍ പുതുക്കാന്‍ 2023 ഫെബ്രുവരി 28 വരെ സമയമനുവദിച്ചിട്ടുണ്ടെങ്കിലും ഒക്ടോബർ 30നകം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങുമെന്ന് ചില പഞ്ചായത്ത് അംഗങ്ങള്‍ അറിയിപ്പ് നല്‍കിയതാണ് വയോധികരുള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ അപേക്ഷ നല്‍കാനിടയാക്കിയത്. ഇതോടെ വില്ലേജിന്റെ പ്രവര്‍ത്തനംതന്നെ താളംതെറ്റി.
ഓഫിസിൽ ജീവനക്കാരുടെ കുറവില്ല. പക്ഷേ, പ്രതിദിനം 300 അപേക്ഷകൾ വരെ കയ്പമംഗലം വില്ലേജില്‍ ഓണ്‍ലൈനായി വരുന്ന അവസ്ഥയാണ്. ഓഫ് ലൈന്‍ വേറെയുമുണ്ട്. സെപ്റ്റംബര്‍ 15 വരെയുള്ള അപേക്ഷകള്‍ക്കേ പൂർണതോതില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളൂവെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു.
പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കോളര്‍ഷിപ്പിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷക്കാണ് ഇപ്പേള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. ഒക്ടോബര്‍ 15നാണ് ഇതിന്റെ അവസന തീയതി. ഇതിനു ശേഷമേ പെന്‍ഷന്‍കാരുള്‍പ്പെടെയുള്ള അപേക്ഷകള്‍ പരിഗണിക്കൂവെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു.
വരുമാന സർട്ടിഫിക്കറ്റ് ഉടൻതന്നെ ഹാജറാക്കിയില്ലെങ്കിൽ പെൻഷൻ നഷ്ടപ്പെടുന്ന ആശങ്ക പരന്നതാണ് പ്രശ്നമായതെന്നും പ്രതിദിനം പതിവിൽ കവിഞ്ഞ ആളുകളാണ് വില്ലേജ് ഓഫിസിൽ എത്തുന്നതെന്നും സമീപത്തെ സ്വകാര്യ സേവനകേന്ദ്രത്തിലെ ജീവനക്കാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.