കയ്പമംഗലം: ഇടതിന്റെ സുരക്ഷിത മണ്ഡലത്തിൽ എളുപ്പമല്ല കാര്യങ്ങൾ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രമുള്ളപ്പോൾ ജില്ലയിലെ മണ്ഡലങ്ങളിലെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ കാലാവസ്ഥയിലൂടെ....
കൊടുങ്ങല്ലൂർ (തൃശൂർ): 2016ൽ 33,440 വോട്ടിെൻറ ഭൂരിപക്ഷം, അതായത് രണ്ടാമതെത്തിയ യു.ഡി.എഫിെൻറ 33,384നെക്കാളും മേലെ. ലോക്സഭ തെരഞ്ഞെടുപ്പിലെ പിറകോട്ടടി പഴങ്കഥയാക്കി 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 24,000ലേറെ വോട്ടിന് എൽ.ഡി.എഫ് മുന്നിൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നേടിയെടുത്ത ഇടത് രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും ജനകീയ മുഖവും. വോട്ടർമാർ മുമ്പാകെ സമർപ്പിച്ചിരിക്കുന്ന സർക്കാറിെൻറയും മണ്ഡലത്തിെൻറയും വികസനരേഖ.
പിന്നെ കിറ്റും പെൻഷനും. എല്ലാം കൊണ്ടും കയ്പമംഗലത്തെ രണ്ടാം ഊഴത്തിൽ ഇടതുസ്ഥാനാർഥി ഇ.ടി. ടൈസന് പാട്ടുംപാടി ജയിക്കാവുന്ന സാഹചര്യമായിരുന്നു. പക്ഷേ, ശോഭ സുബിൻ എന്ന യുവനേതാവ് യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയതോടെ കയ്പമംഗലം മണ്ഡലത്തിൽ എൽ.ഡി.എഫിന് ഈസി വാക്കോവർ അപ്രാപ്യമാകുകയാണ്. ഇടതുപക്ഷത്തിന് അകമേ അത്ര താൽപര്യമില്ലാത്ത പി.ഡി.പിയുമായി വേദി പങ്കിട്ട് ടൈസൺ അവരുടെ പിന്തുണ ഉറപ്പാക്കിയത് ഈ ആശങ്കയുടെ വ്യക്തമായ സൂചനയാണ്. യുവ തുർക്കിക്കെതിരെ പ്രതിരോധം തീർക്കുന്നതിെൻറ തുടക്കമായിരുന്നു സാഹസികമായ കടൽയാത്ര.
യു.ഡി.എഫിന് നവോന്മേഷം പകർന്ന ശോഭ സുബിെൻറ വരവ് ആവേശ പോരാട്ടത്തിലേക്ക് മണ്ഡലത്തെ എത്തിച്ചിട്ടുണ്ട്. ശോഭ സുബിൻ ഇതിനകം നേടിയ അനുഭാവം വോട്ടായാൽ ഇക്കുറി മണ്ഡലത്തിെൻറ കഥ മറ്റൊന്നായേക്കാം. അതുകൊണ്ട്തന്നെ ജാഗ്രതയുടെ സർവ അടവും എൽ.ഡി.എഫ് പയറ്റുന്നുണ്ട്. പ്രചാരണ പൊലിമയോടൊപ്പം ചിട്ടയായ പ്രവർത്തനം എൽ.ഡി.എഫിനെ മുന്നിൽ എത്തിക്കുമ്പാൾ അതിനൊപ്പമെത്താൻ പാടുപെടുകയാണ് യു.ഡി.എഫ്. താെഴത്തട്ടിലാണ് എൽ.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
1500 കുടുംബയോഗങ്ങളിൽ ഭൂരിഭാഗവും പൂർത്തിയാക്കി. യു.ഡി.എഫാകട്ടെ 150 കുടുംബ യോഗങ്ങളാണ് തീരുമാനിച്ചത്. ഇതൊക്കെയാണെങ്കിലും സ്ഥാനാർഥി സൃഷ്ടിച്ച ഓളത്തിലാണ് യു.ഡി.എഫിെൻറ മുഴുവൻ പ്രതീക്ഷയും. അത് ഒരു അട്ടിമറിയോളം എത്തുമെന്ന് അവർ കരുതുന്നു. എന്നാൽ, ഭൂരിപക്ഷം താഴുമെന്ന് കരുതുന്നുണ്ടെങ്കിൽ വിജയത്തിെൻറ കാര്യത്തിൽ എൽ.ഡി.എഫിന് തെല്ലുമില്ല ശങ്ക.
സഹതാപം പിടിച്ചുപറ്റാൻ പോന്ന രീതിയിലാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണം. എം.എൽ.എ എന്ന നിലക്ക് സർക്കാറിന് സ്വധീനം ചെലുത്തി നടപ്പാക്കിയ വികസനങ്ങളാണ് ടൈസണ് പറയാനുള്ളത്. ഒപ്പം തുടർ വികസന പദ്ധതികളും. ശാന്തിപുരം ബാറും റിസോർട്ട് ഉടമക്ക് റോഡ് നിർമിച്ചതും യു.ഡി.എഫ് പ്രചാരണായുധമായി ഉപയോഗിക്കുന്നു.
കഴിഞ്ഞ തവണ ത്രികോണ മത്സര പ്രതീതിയുണ്ടാക്കി 30,041 വോട്ട് നേടി യു.ഡി.എഫിനെ ക്ഷീണിപ്പിച്ച എൻ.ഡി.എ ഇത്തവണ കളം നിറയാത്തതിെൻറ നേട്ടം മുഖ്യമായും ശോഭ സുബിനായിരിക്കുമെന്നാണ് കണക്ക് കൂട്ടൽ. മുന്നണിക്ക് അതീതമായ വോട്ടുകൾ യു.ഡി.എഫിനും ലഭിക്കാൻ ഇടയുണ്ട്. ഇതിലെ ഏറ്റക്കുറച്ചലിന് അനുസരിച്ചായിരിക്കും കയ്പമംഗലത്തിെൻറ വിധി നിർണയം.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലാണ് പ്രധാനമായും എൻ.ഡി.എ സ്ഥാനാർഥി സി.ഡി. ശ്രീലാലും കൂട്ടരും കേന്ദ്രീകരിക്കുന്നത്. സാമൂഹിക നീതിയുടെ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സ്ഥാനാർഥി എം.കെ. അസ്ലമും സംഘവും മണ്ഡലത്തിൽ സജീവമാണ്. എസ്.ഡി.പി.ഐയുടെ എം.കെ. ഷമീറും ബി.എസ്.പിയുടെ തങ്കമണി തറയിലും സ്വതന്ത്രനായി കെ.എസ്. ഷാനവാസും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.