ചെന്ത്രാപ്പിന്നിയിൽ യുവാക്കളെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsകയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി കേസുകളിലെ പ്രതി കണ്ണനാംകുളം സ്വദേശി ഏറാക്കൽ അനു എന്ന സൂരജ് (37), കണ്ണനാംകുളം കാര്യേടത്ത് ജിഷോയ് (32) എന്നിവരെയാണ് കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചെന്ത്രാപ്പിന്നി ഹലുവ തെരുവിൽ വെച്ച് ബന്ധുവായ വിദ്യാർഥിയെ കൈയേറ്റം ചെയ്യുന്നതു കണ്ട് തടയാനെത്തിയ മഠത്തിക്കുളം സ്വദേശി പള്ളിത്തോട്ടുങ്ങൽ സിദ്ദീഖിനെയാണ് (54) ഇവർ ആദ്യം ആക്രമിച്ചത്. സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് തലക്ക് കുത്തുകയായിരുന്നു.
ശേഷം ബൈക്കിൽ പോയി ചെന്ത്രാപ്പിന്നി പെട്രോൾ പമ്പിൽ വെച്ച് ഡി.വൈ.എഫ്.ഐ ഹൈസ്കൂൾ യൂനിറ്റ് സെക്രട്ടറി കൂട്ടാലപറമ്പ് സ്വദേശി കൊട്ടുക്കൽ ബിബിൻ കൃഷ്ണയെയും ആക്രമിച്ചു. തലക്ക് പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് പതിവായി ഭീഷണിയും അക്രമവും നടത്തുന്ന ഇവർക്കെതിരെ പരാതിപ്പെടാൻ പോലും ഭയക്കുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സൂരജിനെതിരെ വധശ്രമമുൾപ്പെടെ 15 കേസുകൾ നിലവിലുണ്ട്. രണ്ട് അടിപിടി കേസുകളിൽ ജിഷോയ് പ്രതിയാണ്. എ.എസ്.ഐ ബിജു, സീനിയർ സി.പി.ഒ വഹാബ്, സി.പി.ഒ മുഹമ്മദ് റാഫി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.