ഇബ്രാഹിമിന്റെ മീൻവിളിക്ക് കാതോർത്ത്...
text_fieldsകയ്പമംഗലം: കാവും കുട്ടയും ചുമലിലേന്തി നടന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി കിലോമീറ്ററുകൾ താണ്ടി മത്സ്യ വിൽപന നടത്തുകയാണ് കയ്പമംഗലം കൂരിക്കുഴി സ്വദേശി കുന്നുങ്ങൽ ഇബ്രാഹിം. ആദ്യകാലത്ത് കാവും കുട്ടയും ചുമന്ന് മീൻ വിൽപന നടത്തിയിരുന്ന നിരവധി പേർ തീരദേശ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് വിൽപന വാഹനങ്ങളിലേക്ക് മാറി. 68 വയസ്സായിട്ടും കാവ് ചുമന്നുള്ള കച്ചവടം ഇപ്പോഴും തുടരുന്നത് ഇബ്രാഹിം മാത്രമാണ്. മഴയും വെയിലുമൊന്നും ഇബ്രാഹിമിന് തടസ്സമല്ല. കൃത്യസമയത്ത് ആവശ്യക്കാർക്ക് മുന്നിൽ മീൻ വിളിയുമായി എത്തിയിരിക്കും. മത്സ്യബന്ധന തൊഴിലാളിയായിരുന്ന ഇബ്രാഹിം 1993 മുതലാണ് വിൽപനയിലേക്ക് തിരിഞ്ഞത്. പുലർച്ചെ മൂന്നു മണിയോടെ കാവും കുട്ടയുമായി കൂരിക്കുഴി കമ്പനിക്കടവ് കടപ്പുറത്തെത്തുന്ന ഇബ്രാഹിം കുട്ട നിറയെ മത്സ്യവുമായി നടത്തം ആരംഭിക്കും. ഐസിടാത്ത മത്സ്യം മാത്രമേ ഉണ്ടാവു എന്നതിനാൽ വില അൽപം കൂടുമെങ്കിലും വഴി നീളെ ഇദ്ദേഹത്തിന്റെ വരവുകാത്ത് നിൽക്കുന്നവർ ഏറെയാണ്. കമ്പനിക്കടവിൽനിന്ന് മത്സ്യമെടുത്ത് ചെന്ത്രാപ്പിന്നിയെത്തുമ്പോഴേക്കും കുട്ട കാലിയാകും. ഭാര്യയും നാല് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. ആറ് സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ വീട്ടിലാണ് താമസമെങ്കിലും ഈ തൊഴിലെടുത്ത് തന്നെയാണ് നാല് പേരെയും വിവാഹം കഴിച്ചയച്ചതെന്ന് ഇബ്രാഹിം അഭിമാനത്തോടെ പറയുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ഈ ഉപജീവനമാർഗം തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇബ്രാഹിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.