'അവരല്ല പ്രതികളെങ്കിൽ പിന്നെ ആരാണ് വെട്ടിനുറുക്കിയത്? തെങ്ങിന്‍പട്ട വീണാണോ ഞങ്ങളുടെ മോന്‍ മരിച്ചത്? -നവാസിന്‍റെ കുടുംബം
text_fieldsകയ്പമംഗലം: 'തെങ്ങിന്‍പട്ട ദേഹത്തു വീണാണോ ഞങ്ങളുടെ മോന്‍ മരിച്ചത്? 41 മുറിവുകള്‍ അവന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു, അത് ഈര്‍ക്കില്‍ കൊണ്ടതായിരുന്നോ?' -ഉള്ളുലക്കുന്ന ഈ ചോദ്യം സമൂഹ മനസ്സാക്ഷിയോടാണ്. ചോദിക്കുന്നത് എട്ടു വര്‍ഷം മുമ്പ് പെരിഞ്ഞനത്ത് കൊല്ലപ്പെട്ട നവാസിന്‍റെ കുടുംബം.
ഈ കേസിൽ ഇരിങ്ങാലക്കുട സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ച പ്രതികളെ, സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു പറഞ്ഞ് ബുധനാഴ്ച ഹൈകോടതി വെറുതെ വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
2014 മാര്‍ച്ച് രണ്ടിന് അർധരാത്രിയാണ് പെരിഞ്ഞനം തളിയപ്പാടത്ത് നവാസ് കൊല്ലപ്പെട്ടത്. പള്ളിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന നവാസിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളായ രമേശ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനിന്ന പ്രദേശത്ത് ബി.ജെ.പി നേതാവ് കല്ലാടന്‍ ഗിരീഷിനെ ഉന്നംവെച്ചെത്തിയവര്‍ ആളുമാറി നവാസിനെ വെട്ടിക്കൊല്ലുകയായിരുന്നു. പഴുതടച്ച അന്വേഷണത്തിലൂടെ ലോക്കല്‍ സെക്രട്ടറി രാംദാസ് അടക്കം അഞ്ച് സി.പി.എം പ്രവര്‍ത്തകരും നാലു ക്വട്ടേഷന്‍ സംഘാംഗങ്ങളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈകോടതിയില്‍ അപ്പീൽ നൽകി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ വിധിയുണ്ടായത്.
'വിധി കേട്ടപ്പോള്‍ ഞെട്ടലല്ല, ഒരുതരം മരവിപ്പാണ് തോന്നുന്നത്'- നവാസിന്‍റെ ഭാര്യാപിതാവ് ഇഖ്ബാല്‍ പറഞ്ഞു. വർഷങ്ങളായി നവാസ് ഇദ്ദേഹത്തോടൊപ്പം പെരിഞ്ഞനത്തായിരുന്നു താമസിച്ചിരുന്നത്. 'പ്രതികൾ ഹൈകോടതിയില്‍ അപ്പീലിന് പോയ വിവരമൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഞങ്ങളുടെ കുടുംബത്തിന്‍റെ അത്താണിയാണ് ഇല്ലാതായത്. കേസിനും കൂട്ടത്തിനും പോകാന്‍ ഞങ്ങളുടെ കൈയ്യില്‍ പണമില്ല. മകള്‍ സിമിയും ഞാനും വേല ചെയ്താണ് രണ്ട് മക്കളെ പോറ്റുന്നത്. നഷ്ടപരിഹാരവും ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ അഞ്ചുതവണ ഞങ്ങൾ തിരുവനന്തപുരത്ത് പോയി. പക്ഷേ, ഞങ്ങളെ ചതിക്കുകയായിരുന്നു'- ഇഖ്ബാലിന്‍റെ ശബ്ദമിടറി.
പ്രതികൾ സി.പി.എമ്മുകാരാണ് എന്നറിഞ്ഞതോടെ ആഴ്ചകളോളം ഇവരുടെ വീട്ടിൽ കോൺഗ്രസ് നേതാക്കളുടെ തള്ളിക്കയറ്റമായിരുന്നു. എന്നാൽ, തൊട്ടടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ ഭാഗത്തേക്ക് ഒരാളും തിരിഞ്ഞു നോക്കിയില്ല. സാമ്പത്തികമായി തകർന്ന കുടുംബത്തിന് ഏക ആശ്രയമായിരുന്നു നവാസ്. മരണത്തോടെ ആ അത്താണിയും ഇല്ലാതായി.
കൊല നടത്തിയവരോ മുതലെടുക്കാൻ ഓടിയെത്തിയവരോ അരക്കാശിന്‍റെ ഉപകാരം ചെയ്തില്ല. പിന്നീട്, സി.പി.എം ഇടപെട്ട് നവാസിന്‍റെ ഭാര്യക്ക് റൂറൽ ബാങ്കിൽ താൽക്കാലിക ജോലി നൽകിയിരുന്നു. പക്ഷെ, ശാരീരിക അസ്വസ്ഥതകൾ നിമിത്തം തുടരാനായില്ല. ഇപ്പോൾ അരിപ്പൊടി വിറ്റാണ് കുടുംബം നിത്യവൃത്തി കഴിയുന്നത്.
ധനസഹായവും ജോലിയും മാത്രമല്ല ഇപ്പോൾ അർഹതപ്പെട്ട നീതിയും ഈ കുടുംബത്തിന് നഷ്ടമായിരിക്കുന്നു. നേരത്തെ, വിചാരണക്കോടതിയിൽ പ്രോസിക്യൂഷന്‍റെ ഒരു വാദത്തെ പോലും ഖണ്ഡിക്കാൻ പ്രതിഭാഗം വക്കീലുമാർക്ക് സാധിച്ചിരുന്നില്ല. എന്നിരിക്കെ എന്താണ് ഹൈക്കോടതിയിൽ സംഭവിച്ചതെന്ന ചോദ്യവും ബാക്കിയാവുന്നു. ഇവരല്ല പ്രതികൾ എങ്കിൽ പിന്നെ ആരാണ് നവാസിനെ വെട്ടിനുറുക്കിയതെന്ന ചോദ്യം ബാക്കിയാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.