1500ഓളം കുരുന്നുകളുടെ ജനനത്തിന് സാക്ഷിയായ കല്യാണിമുത്തശ്ശി ഇനി ഓർമ
text_fieldsവടക്കാഞ്ചേരി: 1500ഓളം കുരുന്നുകളുടെ ജനനത്തിനു സാക്ഷിയായ മുത്തശ്ശിക്ക് നാട് കണ്ണീരോടെ വിടചൊല്ലി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മരിച്ച പൂമല ചെല്ലികൊയിലോത്ത് താഴെക്കുടിയിൽ കല്യാണിയുടെ (107) കൈകളിലൂടെയാണ് വിവിധ തലമുറകളിലായി ജാതി- മത- ലിംഗ ഭേദമന്യേ നിരവധി പിഞ്ചോമനകൾ പിറന്നുവീണത്.
വടകരയിൽനിന്ന് 1950കളിൽ കുണ്ടുകാട് പേരഗ്രാമത്തിൽ എത്തിയ കല്യാണി നാട്ടിൻപുറത്തെ അറിയപ്പെടുന്ന പ്രസവ ശുശ്രൂഷകയായിരുന്നു. ആധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങും തണലുമായിരുന്നു മനുഷ്യസ്നേഹിയായ ഈ വനിത. പാർട്ടി പ്രവർത്തനത്തോടൊപ്പം പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു. സ്വന്തം കൈകളിലൂടെ ജനിച്ചുവീണ കുരുന്നുകളെ സ്വന്തം മക്കളെപ്പോലെത്തന്നെ കാണാൻ കല്യാണി മുത്തശ്ശിക്ക് സാധിച്ചിരുന്നതായി ബന്ധുമിത്രാദികൾ പറയുന്നു. നാട് മുഴുവൻ സ്വന്തം അമ്മയെപ്പോലെ കണ്ട കല്യാണി മുത്തശ്ശിയുടെ വിയോഗം നാടിന് തീരാനഷ്ടമായി.ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ശ്രീനിവാസൻ, ശ്രീധരൻ, വേണുഗോപാൽ, സുരേന്ദ്രൻ, രമണൻ, ലളിത. മരുമക്കൾ: രത്നം, വൽസല, കുഞ്ഞികൃഷ്ണൻ, ശ്യാമള, സുജാത, രജിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.