മാലിന്യത്തൊട്ടിയായി കമലക്കട്ടി; രോഗഭീതിയില്‍ നാട്ടുകാര്‍
text_fieldsവെള്ളിക്കുളങ്ങര: മറ്റത്തൂര്‍-കോടശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കമലക്കട്ടി റോഡരികിലെ മാലിന്യം യാത്രക്കാര്‍ക്ക് തലവേദനയാകുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇടക്കാലത്ത് മാലിന്യം തെല്ലൊന്നു കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും വന്‍തോതില്‍ മാലിന്യം തള്ളുകയാണിവിടെ.
പൊതുമരാമത്ത് വകുപ്പിനു കീഴിലെ വെള്ളിക്കുളങ്ങര-ചാലക്കുടി റോഡ് കടന്നുപോകുന്ന പ്രദേശമാണ് കമലക്കട്ടി. വനംവകുപ്പിനു കീഴിലെ തേക്കുതോട്ടത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. വിജനമായ ഈ പ്രദേശം പണ്ട് കവര്‍ച്ചക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായിരുന്നു.
റോഡ് വികസിക്കുകയും വൈദ്യുതിയെത്തുകയും ജനസഞ്ചാരം വര്‍ധിക്കുകയും ചെയ്തതോടെ കമലക്കട്ടിയിലെ സാമൂഹിക വിരുദ്ധ ശല്യം പഴങ്കഥയായി. അടുത്ത കാലത്ത് വെള്ളിക്കുളങ്ങര മുതല്‍ മാരാങ്കോട് വരെയുള്ള റോഡ് മെക്കാഡം ടാറിങിലൂടെ നവീകരിച്ചതോടെ ഈ വഴിയിലൂടെ ഗതാഗതം വര്‍ധിച്ചു. വെള്ളിക്കുളങ്ങരയില്‍നിന്ന് ചാലക്കുടി, പരിയാരം, കുറ്റിച്ചിറ എന്നിവിടങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ ദിനംപ്രതി കടന്നുപോകുന്നത്.
എന്നാല്‍ റോഡരികില്‍ മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയത് ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് വീണ്ടും ദുരിതമായിരിക്കുകയാണ്. മൂക്കുപൊത്താതെ ഇതിലേ കടന്നുപോകാനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
രാത്രികളില്‍ ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കി വാഹനങ്ങളില്‍ കൊണ്ടുവന്ന് റോഡരികില്‍ തള്ളുകയാണ്. ചീഞ്ഞഴുകി പുഴുവരിച്ച് റോഡരികില്‍ കിടക്കുന്ന മാലിന്യചാക്കുകള്‍ ദുര്‍ഗന്ധം പരത്തുന്നുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന കൊച്ചിന് ഫോറസ്റ്റ് ട്രാംവേ കടന്നുപോയിരുന്നത് ഇപ്പോഴത്തെ കമലക്കട്ടി റോഡിനോടുചേര്‍ന്നാണ്. ട്രാംപാത കിടങ്ങുപോലെ ഇവിടെ ഇപ്പോഴും കാണാം. ഈ കിടങ്ങ് നിറയെ മാലിന്യമാണ്.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇവിടത്തെ മാലിന്യം കാരണമാകുന്നുണ്ട്. മഴ പെയ്താല്‍ മാലിന്യം ചീഞ്ഞഴുകി വെള്ളത്തില്‍ കലരുകയും മലിനജലം കമലക്കട്ടിയുടെ സമീപത്തുകൂടി കടന്നുപോകുന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിലേക്കും വെള്ളിക്കുളം വലിയതോട്ടിലേക്കും ഒഴുകിയെത്തുകയും ചെയ്യും.
കമലക്കട്ടി റോഡരികില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നിക്കൂട്ടവും തെരുവുനായ്ക്കളും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. കാട്ടുപന്നികള്‍ കുറുകെ ചാടി ഇരുചക്രവാഹനയാത്രക്കാര് അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് കമലക്കട്ടിയിലെ മാലിന്യം തള്ളലിന് അറുതി വരുത്താന്‍ കോടശ്ശേരി പഞ്ചായത്തധികൃതരും വെള്ളിക്കുളങ്ങര പൊലീസും വനംവകുപ്പും നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.