കരുവന്നൂരിൽ സി.പി.എം നേതൃത്വത്തിന് വീഴ്ചയെന്ന്; രൂക്ഷ വിമർശനവുമായി ജില്ലാ സമ്മേളന പ്രതിനിധികൾ
text_fieldsതൃശൂർ: സി.പി.എം ജില്ല സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിനിധികൾ. നേതൃത്വം കരുതിയിരുന്നതുപോലെത്തന്നെ രൂക്ഷമായ വിമർശനമുയർന്നത് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്ത ഇരിങ്ങാലക്കുട ഉൾപ്പെടെ എല്ലാ ഏരിയ കമ്മിറ്റിയിൽനിന്നുള്ളവരും കരുവന്നൂർ വിഷയം ഉന്നയിച്ചു.
സഹകരണ മേഖലയുടെയും പാർട്ടിയുടെയും വിശ്വാസ്യത തകർക്കുന്നതായി തട്ടിപ്പെന്നും ഇക്കാര്യത്തിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പരാതി ഉയർന്നപ്പോൾതന്നെ പരിശോധന നടത്തിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. ഇത്തരം ജാഗ്രതയില്ലായ്മയാണ് സഹകരണമേഖലയിൽ ഇപ്പോൾ വ്യാപകമായി ഉയരുന്ന ക്രമക്കേട് വാർത്തകൾക്ക് കാരണമായതെന്നും പ്രതിനിധികൾ വിമർശിച്ചു.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തന റിപ്പോർട്ടിൽ പ്രത്യേക ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ഏഴ് പേജാണ് ഇതുസംബന്ധിച്ച് വിശദീകരിക്കാൻ മാറ്റിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയ അന്വേഷണ കമീഷൻ റിപ്പോർട്ടും പാർട്ടി സ്വീകരിച്ച നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഒറ്റ റിപ്പോർട്ടിലാണ് പ്രത്യേക ഭാഗങ്ങളായി സാർവദേശീയം, ദേശീയം, സംസ്ഥാനം, കാമ്പയിൻ, സംഘടന, ഇതര സംഘടനകൾ, വർഗ ബഹുജന സംഘടനകൾ എന്നിവയെ വിശദീകരിക്കാറുള്ളതെങ്കിലും ഇത്തവണ മൂന്നു പുസ്തകങ്ങളാക്കി മൂന്നു ഭാഗങ്ങളാക്കിയാണ് തയാറാക്കിയത്.
സാർവദേശീയം, ദേശീയം എന്നിവ വിശദീകരിച്ച് ഒരു പുസ്തകവും സമ്മേളന കാലയളവായ നാലു വർഷം പാർട്ടി ഏറ്റെടുത്തതും നടപ്പാക്കിയതുമായ സമരങ്ങളും പരിപാടികളും പങ്കാളിത്തങ്ങളുമടക്കം വിശദമാക്കിയ കാമ്പയിനുകൾ എന്ന ഭാഗവും സംഘടന എന്ന മൂന്നാം ഭാഗവുമാണ്. ഇതിലാണ് കരുവന്നൂർ അടക്കമുള്ളവയും സംഘടന വിഷയങ്ങളും ഉൾപ്പെടുത്തിയത്. പൊതുചർച്ചക്ക് പിന്നാലെ ഈ പുസ്തകം പ്രതിനിധികളിൽനിന്ന് ഹാളിൽ വെച്ചുതന്നെ വാങ്ങിവെച്ചു. മറ്റു രണ്ടു പുസ്തകങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകി.
ജില്ലയിൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റമുണ്ടാക്കിയതും ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയവും വോട്ടുകളെ അടിസ്ഥാനമാക്കി വിശദീകരിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുന്നേറ്റത്തിൽ ജാഗ്രത വേണമെന്നും തൃശൂർ ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പിയുടെ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ പാർട്ടി ആഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനം പ്രതിനിധികൾ ഉന്നയിച്ചു.
ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങളിലും വിമർശനമുയർന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. അതിനുശേഷം ഗ്രൂപ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. 16 ഏരിയ കമ്മിറ്റികളുടെ ആദ്യഘട്ടവും നാല് ഏരിയ കമ്മിറ്റികളുടെ രണ്ടാംഘട്ടവും പൂർത്തിയാക്കിയാണ് സമ്മേളനം അവസാനിപ്പിച്ചത്. 14 മുതൽ 23 മിനിറ്റ് വരെയാണ് ഏരിയ കമ്മിറ്റികൾക്ക് ചർച്ചക്ക് സമയം ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ ചർച്ച തുടരും. ഉച്ചക്കു ശേഷം പ്രവർത്തന റിപ്പോർട്ടിലും തുടർന്ന് സംഘടന മറുപടിയും നൽകും. ഇതിന് ശേഷം ജില്ല കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ല സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുക്കും.
കോടിയേരിക്കെതിരെ രൂക്ഷ വിമർശനം
സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും പ്രതിനിധികളുടെ വിമർശനമുയർന്നു. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന ലക്ഷ്യം വെച്ചത് കോൺഗ്രസിനെയെങ്കിലും അടി കിട്ടിയത് സി.പി.എമ്മിനാണെന്നും വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും പ്രതിനിധികൾ വിമർശിച്ചു. പ്രസ്താവന പാർട്ടി അണികളെ ബോധ്യപ്പെടുത്താനായില്ലെന്നും ന്യൂനപക്ഷ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും പ്രതിനിധികൾ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.