കരുവന്നൂർ ബാങ്ക്: അടിയന്തരമായി 156 കോടി വേണം
text_fieldsതൃശൂർ: വായ്പാതട്ടിപ്പ് കാരണം പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിന് അടിയന്തരമായി 156 കോടി രൂപ വേണമെന്ന് വിദഗ്ധ സമിതി. ആസ്തി ബാധ്യത പരിശോധനക്കായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിെൻറ നിലനിൽപ്പിന് നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും വിശ്വാസ്യത നേടേണ്ടതുണ്ട്. ഇതിനായി നിലവിലുള്ള പ്രതിസന്ധിയുടെ ആഴം കുറക്കണം. അടിയന്തര സഹായമായി 156 കോടി രൂപ ലഭിച്ചാലേ നിലവിലെ സാഹചര്യം മറികടക്കാനാവൂ. ബാങ്കിെൻറ വിശ്വാസ്യത നിലനിർത്താൻ നിക്ഷേപകൻ എത്തുമ്പോൾ ലഭ്യമാകും വിധത്തിൽ പണം നൽകാൻ കഴിയണം. ക്രയവിക്രയത്തിന് ആവശ്യമായ തുക വേണ്ടതുണ്ട്. നിശ്ചിത തുക ടോക്കണും ചെക്കും ഉപയോഗിച്ച് നൽകുന്ന നിലവിലെ രീതി അവിശ്വാസത്തിന് ആക്കം കൂട്ടും. ഇത് പരിഹരിക്കണം.
കരുവന്നൂർ ബാങ്കിന് അനുവദിക്കുന്ന തുക ബാങ്കുകളുടെ കൺസോർഷ്യം വഴി സർക്കാർ ഗാരൻറിയിലൂടെ നൽകണമെന്ന് ഒമ്പതംഗ സമിതി റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് പ്രവർത്തനം സാധാരണ നിലയിലായെന്ന് ബോധ്യപ്പെട്ടാൽ നിക്ഷേപങ്ങൾ മടക്കിക്കൊണ്ടുവരാൻ കഴിയും. ഇടപാടുകൾ വിപുലമാക്കി നിലവിലുള്ള ബാധ്യകളെയും മറികടക്കാനാവും. ഇതിനായി വിവിധ പദ്ധതികളുടെ നിർദേശങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്ററിൽ നിന്ന് തൽക്കാലം മാറ്റരുത്, ഒാഡിറ്റ് ശക്തമാക്കുക, വായ്പ കുടിശ്ശികയിലും കിട്ടാക്കടങ്ങളിലും തിരിച്ചടവിന് നടപടി സ്വീകരിക്കുക, സൂപ്പർമാർക്കറ്റുകളിലെയും നീതി സ്റ്റോറിലെയും കണക്കുകൾ വെവ്വേറെ സൂക്ഷിക്കുക, ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, തട്ടിപ്പുകാരുടെ ആസ്തി കണ്ടുകെട്ടുക തുടങ്ങിയ നിർദേശങ്ങളും സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.