കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുതിർന്ന സി.പി.എം നേതാക്കൾക്കെതിരെയും നടപടി വന്നേക്കും
text_fieldsതൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കൂട്ട നടപടിക്ക് പിന്നാലെ മുതിർന്ന സി.പി.എം നേതാക്കൾക്കെതിരെയും നടപടിയുണ്ടായേക്കുമെന്ന് സൂചന. മുതിർന്ന നേതാക്കളായ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, മുൻ മന്ത്രിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എ.സി. മൊയ്തീൻ, മുൻ എം.പിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി.െക. ബിജു എന്നിവർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. കടുത്ത ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.
വായ്പ തട്ടിപ്പ് വിവരങ്ങളടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും അന്നത്തെ ജില്ല സെക്രട്ടറിയായ ബേബി ജോണിന് കാര്യമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ബേബി ജോണ്‍ സെക്രട്ടറിയായിരിക്കെ നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമീഷന് അംഗം പി.കെ. ബിജുവിനും വീഴ്ച പറ്റി. നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലുയര്‍ന്നത്. കരുവന്നൂരില്‍ ഗുരുതര പ്രശ്നങ്ങള്‍ കണ്ടിട്ടും അന്നത്തെ സഹകരണ മന്ത്രി എ.സി. മൊയ്തീന് നടപടികളിലേക്ക് കടക്കാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്നാണ് ആക്ഷേപം.
തുടർ നടപടിയുണ്ടാവുമെന്ന സൂചന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ എ. വിജയരാഘവൻ നൽകി. സംസ്ഥാന ഘടകം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ തീരുമാനം ചര്ച്ചക്കെടുക്കുമ്പോള് ബേബിജോൺ, പി.കെ. ബിജു, എ.സി. മൊയ്തീന് എന്നിവർക്കെതിരെയുള്ള നടപടിയും ചർച്ച ചെയ്യും. ഇരിങ്ങാലക്കുടയിലെ പാർട്ടിയുടെ കരുത്തനായ നേതാവായ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രനെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇത് മറ്റുള്ളവർക്കുള്ള താക്കീതാണ്. ജില്ല കമ്മിറ്റിയംഗം കെ.ആർ. വിജയ, ഉല്ലാസ് കളക്കാട്, കഴിഞ്ഞ സമ്മേളനത്തിൽ മാത്രം ഏരിയ സെക്രട്ടറിയായ കെ.സി. പ്രേമരാജൻ എന്നിവർക്കെതിരെ നടപടിയെടുത്തപ്പോൾ നേതാക്കളെ സംരക്ഷിച്ചെന്ന വിമർശനമുയർന്നതിനാൽ നടപടി മുകൾ തട്ടിലേക്ക് നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.