കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ബിനാമി ഇടപാടുകളിൽ അന്വേഷണം
text_fieldsതൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ വീട്ടില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടിയ വായ്പ രേഖകള്‍ ബിനാമി ഇടപാടുകളുടേതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. നിക്ഷേപങ്ങൾ സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ബാങ്കിനോട് വിവരങ്ങൾ ആവശ്യപ്പെട്ടു. ഒരാൾതന്നെ അമ്പതോളം ആളുകളുടെ പേരില്‍ വായ്പ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ഇതെല്ലാം ഒരാള്‍ തന്നെയാണോ എടുത്തതെന്ന കാര്യത്തില്‍ ഉറപ്പില്ല. റിസോര്‍ട്ടുകളിലും മറ്റു പദ്ധതികളിലുമായി പ്രതികള്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തി. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ ബിനാമി ബിസിനസ് കണ്ടെത്തിയിരുന്നു. ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്ത നാല് കമ്പനികളെക്കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്.
ബാങ്കിെൻറ ആഭ്യന്തര ഉപയോഗത്തിനായി നിര്‍മിച്ച സോഫ്റ്റ്വെയറില് വലിയ രീതിയില്‍ അട്ടിമറി നടന്നതായും കണ്ടെത്തി. സോഫ്റ്റ്വെയര് ഒരേസമയം പലരും ഉപയോഗിക്കുന്നതും ഓരോരുത്തര്‍ക്കും പ്രത്യേക യൂസര്‍ ഐ.ഡിയും പാസ്വേഡും ഉള്ളതുമാണ്. എന്നാല്‍, വിരമിച്ചവരുടെ യൂസര്‍ ഐ.ഡിയും പാസ്വേഡും തട്ടിപ്പ് നടന്ന കാലയളവില്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായി. ഇേതക്കുറിച്ചും വിദഗ്ധ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം ഇ.ഡി ഉദ്യോഗസ്ഥന് ബാങ്കിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബാങ്ക് അധികൃതരോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയതിനെക്കുറിച്ച അന്വേഷണത്തിെൻറ ഭാഗമായി തേക്കടി റിസോര്‍ട്ടിലെ മുഴുവന്‍ നിക്ഷേപകരുടെയും വിവരം ശേഖരിക്കും. ബാങ്കില്‍ വ്യാജ വായ്പ രേഖകള്‍ സൂക്ഷിച്ച പ്രത്യേക ലോക്കർ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് വിവിധ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്നാണ് വിവരം. ഇതിെൻറ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരുകയാണ്. പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.