‘‘എന്ന് തരും ഞങ്ങളുടെ പണം?’’
text_fieldsതൃശൂർ: ‘‘ഞങ്ങളും ഫിലോമിനമാരാകും... അല്ലെങ്കിൽ ആരെങ്കിലും ഉറപ്പുതരേണ്ടേ... ഈ പടിക്കെട്ട് കയറിയിറങ്ങിയതിന് എണ്ണം വെച്ചിട്ടില്ല...’’ കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷത്തിലധികം രൂപ നിക്ഷേപമുള്ള സരോജിനിയുടെ ചങ്കിടിച്ചുള്ള വാക്കുകൾ നെഞ്ച് തകർക്കുന്നതാണ്. കരുവന്നൂരിലെ ആയിരക്കണക്കിനാളുകളുടെ പ്രതീകമാണ് സരോജിനി.
ബാങ്ക് തട്ടിപ്പ് പുറത്തുവന്ന് രണ്ടു വർഷത്തിനിപ്പുറവും ദിവസവും നൂറുകണക്കിനാളുകൾ ജീവിത സമ്പാദ്യം സുരക്ഷിതമെന്ന് കരുതി നിക്ഷേപിച്ച ബാങ്കിൽ കയറിയിറങ്ങുകയാണ്. മരുന്ന് വാങ്ങാനും അത്യാവശ്യങ്ങൾക്കു പോലും മറ്റു പലരെയും ആശ്രയിക്കേണ്ടിവരുന്നു. 2021 ജൂലൈയിലായിരുന്നു കരുവന്നൂരില്‍നിന്ന് കേരളത്തെ ഞെട്ടിച്ചുള്ള തട്ടിപ്പുവാര്‍ത്ത പുറത്തുവന്നത്. അറസ്റ്റും അന്വേഷണവുമായി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കരുവന്നൂര്‍ പതിയെ വാര്‍ത്തകളില്‍നിന്ന് അപ്രത്യക്ഷമായി.
ഒരു വര്‍ഷത്തിനു ശേഷം ഇതേ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിട്ടും മതിയായ ചികിത്സ ലഭിക്കാതെ വയോധിക മരിച്ചതാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നാലെ സ്വന്തം സമ്പാദ്യം അത്യാവശ്യ സമയത്ത് ഉപകരിക്കാതെ നൂലാമാലകളില്‍ കുടുങ്ങിയവരുടെ കൂടുതല്‍ വിവരങ്ങളും പുറത്തെത്തുകയാണ്.
ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും വിദഗ്ധ ചികിത്സ കിട്ടാതെ കരുവന്നൂർ സ്വദേശി ഫിലോമിന മരിച്ചത് ഇന്നും നീറ്റലാണ്. ഫിലോമിനയുടെ മരണശേഷം രണ്ടുതവണ തുക കൈമാറിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന തീരാനഷ്ടത്തിന് ആര് മറുപടി നൽകുമെന്ന ചോദ്യമാണ് ഇന്ന് നിക്ഷേപകർ ഉയർത്തുന്നത്.
അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന ജോഷി ആന്റണിക്ക് ബാങ്കിൽ 82 ലക്ഷം രൂപ നിക്ഷേപമുണ്ട്. കിട്ടിയത് നാമമാത്രമായ തുക. മസ്തിഷ്കാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ജോഷി ഈ തിരുവോണത്തിന് ബാങ്കിനും തിരിഞ്ഞുനോക്കാത്ത പാർട്ടിക്കുമെതിരായ പ്രതിഷേധത്തിൽ പട്ടിണി സമരത്തിലായിരുന്നു.
മാപ്രാണം സ്വദേശി ബഷീര്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. മക്കളുടെ വിവാഹാവശ്യത്തിന് കണക്കാക്കി കരുവന്നൂര്‍ ബാങ്കിലിട്ട രണ്ടു ലക്ഷം രൂപ ആവശ്യത്തിന് ഉപയോഗപ്പെട്ടില്ല. മറ്റൊരു നിക്ഷേപക സരസ്വതിയുടെ ഭര്‍ത്താവ് ലോട്ടറി വിറ്റ് മിച്ചംപിടിച്ച ഒരു ലക്ഷത്തിലേറെ രൂപയാണ് ബാങ്കിലിട്ടത്. അതും അടുത്തെങ്ങും തിരിച്ചുകിട്ടാന്‍ ഇടയില്ലാത്തതിനാല്‍ സ്ഥിര നിക്ഷേപമാക്കി. രോഗത്തിലും പ്രയാസത്തിലും ഉതകുമെന്നു കരുതി കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച 5000 പേരാണ് ബാങ്കിൽ ചിലർ നടത്തിയ തട്ടിപ്പിലൂടെ കഷ്ടത്തിലായത്.
പാർട്ടിക്കാരോടും ബാങ്കിലുള്ളവരോടും കേണപേക്ഷിച്ചിട്ടും അവഗണിച്ചതിന്റെ രോഷമാണ് ആളുകൾക്ക്. പരാതിക്ക് പിന്നാലെ ബാങ്കില്‍നിന്ന് 80 ലക്ഷം രൂപ വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. തിരിമറി പുറത്തുവന്നതോടെ സഹകരണ വകുപ്പ് ജോയന്റ് സെക്രട്ടറിയെ വകുപ്പുതല അന്വേഷണത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
പിന്നാലെ പ്രതികള്‍ റിയല്‍ എസ്റ്റേറ്റിലും ഹോട്ടല്‍ വ്യവസായത്തിലും പണം നിക്ഷേപിച്ചതടക്കം വിവരങ്ങള്‍ പുറത്തുവന്നു. 21 വര്‍ഷം ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്. സുനില്‍ കുമാര്‍ അടക്കം ജീവനക്കാരും മുൻ ഭരണസമിതി അംഗങ്ങളുമടക്കമുള്ളവരും പ്രതികളായി, അറസ്റ്റിലായി.
ഇപ്പോൾ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംശയിച്ച് കേസെടുത്ത ഇ.ഡി സി.പി.എം നേതാവുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. മുൻ മന്ത്രി എ.സി. മൊയ്തീനും എം.കെ. കണ്ണൻ അടക്കം നേതാക്കളും ആരോപണ നിഴലിലാണ്. ചെറുതാണെങ്കിലും സംസ്ഥാനത്തെത്തന്നെ മികച്ച ബാങ്കെന്ന് പേരെടുത്തതാണ് കരുവന്നൂർ ബാങ്ക്.
പക്ഷേ, ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കെടുകാര്യസ്ഥതയിൽ ഇപ്പോൾ പെരുവഴിയിലായിരിക്കുന്നത് അയ്യായിരത്തിലേറെ നിക്ഷേപകരാണ്. സഹകരണ വകുപ്പിന്റെ കണക്കുപ്രകാരം കാലാവധി പൂര്‍ത്തിയായ 150 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് മടക്കിനല്കാനുണ്ട്. ചികിത്സക്കും വിവാഹ ആവശ്യങ്ങള്‍ക്കും ബാങ്കിനെ സമീപിച്ചാല്‍ 10,000 മുതല്‍ 50,000 വരെയാണ് ഇപ്പോഴും നല്‍കുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ് ഇപ്പോൾ. പാർട്ടിക്കാരുടെ അവഗണനയും ധാർഷ്ട്യമനോഭാവവുമാണ് പെരുവഴിയിലായ നിക്ഷേപകരെ കൂടുതൽ വേദനിപ്പിച്ചത്. പാർട്ടിയും സർക്കാറും ഇടപെട്ടാൽ പരിഹാരമാകുമെന്നിരിക്കെ അതിനുള്ള ശ്രമംപോലും നടക്കാത്തതിലാണ് പ്രതിഷേധം. ഇനിയും ഫിലോമിനമാരുണ്ടാകാൻ കാത്തിരിക്കുകയാണോയെന്ന ഹൃദയം പിളർക്കുന്ന ചോദ്യങ്ങളാണ് നിക്ഷേപകരുയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.