കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്: പുറത്തുവന്നത് 'മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്ര'മെന്ന്
text_fieldsഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നത് 'മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്ര'മാണെന്നാണ് ബാങ്കിെൻറ ഓഹരി ഉടമകളിൽ ചിലർ പറയുന്നത്.
സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയംെവച്ച് മൂന്നുകോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് അറിവില്ല.
ബാങ്കില്‍നിന്ന് പണമടക്കാൻ ഭീമമായ തുകക്കുള്ള നോട്ടീസ് കിട്ടിയപ്പോഴാണ് പലരും ഞെട്ടിയത്. പല പരാതികളും പുറത്തുവരാതിരിക്കാൻ തട്ടിപ്പുസംഘം സ്വാധീനം ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടും തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടക്കുകയാണ്. ബാങ്ക് അധികൃതരോട് സഹകരണ ജോയൻറ് രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിക്കുന്ന മുറക്ക് തുടര്‍നടപടിയെടുക്കും.
2019ല്‍ തന്നെ ബാങ്കിനെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ വെട്ടിപ്പ് കണ്ടെത്തിയെങ്കിലും പുറത്തുവരാന്‍ വൈകുകയായിരുന്നു. തട്ടിപ്പ് ആദ്യം പുറത്തുവന്ന ഒരു കൊല്ലം മുമ്പ് ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചെങ്കിലും രഹസ്യമാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ സെക്രട്ടറിക്കതിരെ നടപടി സ്വീകരിച്ചിരുന്നു. സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ ഇപ്പോൾ സസ്പെന്‍ഷനിലാണ്.
ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുറച്ച് നാളുകളായി കോണ്‍ഗ്രസും ബി.ജെ.പിയും ബാങ്കിെൻറ കരുവന്നൂര്‍ ഹെഡ് ഒാഫിസിനും അഞ്ച് ശാഖകൾക്കും മുന്നിൽ സമരം നടത്തിവരുകയാണ്. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടുവെന്ന് വ്യാപകമായ പ്രചാരണമുണ്ട്. എന്നാല്‍, ഭരണസമിതി പിരിച്ചുവിട്ടിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണെന്നും സഹകരണ വകുപ്പ് തൃശൂർ ജോയൻറ് രജിസ്ട്രാര്‍ മോഹന്മോന് പി. ജോസഫ് അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസമായി നോട്ട് നിരോധനകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമകളുടെ തിരക്ക്.
സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. 300 കോടിയിൽ അധികം തുകയുടെ തട്ടിപ്പാണ് നടന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവർക്ക് ബി.ജെ.പി പരാതി നല്കി.
ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് ധർണ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് വിബിൻ വെള്ളയത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അസുറുദ്ദീന്‍ കളക്കാട്ട്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡൻറ് റൈഹാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ബൈജു കുറ്റിക്കാടൻ, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സൂര്യകിരൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ജസ്റ്റിൻ ജോർജ്, ജോൺ വേളൂക്കര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.