കരുവന്നൂർ: ഇ.ഡിയുടെ ചോദ്യംചെയ്യൽ കണ്ണനിൽ ഒതുങ്ങില്ല
text_fieldsതൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കൂടുതൽ ഉന്നത നേതാക്കളിലേക്കും അന്വേഷണം നീളുമെന്ന് സൂചന. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയർമാൻ കൂടിയായ എം.കെ. കണ്ണനിലേക്ക് അന്വേഷണം എത്തിയതോടെ കേസ് നിർണായക ഘട്ടത്തിലാണെന്ന സൂചനയാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്നത്. കണ്ണന്റെ മൊഴികൾ കേസിൽ നിർണായകമാകും.
കരുവന്നൂര് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളെ കൂടാതെ നേരത്തേ മുന് മന്ത്രി എ.സി. മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കണ്ണനെ കൂടാതെ അടുത്ത ദിവസം തന്നെ ഇ.ഡി പരിശോധന നടത്തിയ അയ്യന്തോൾ സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥിനെയും വിളിപ്പിക്കുമെന്നാണ് പറയുന്നത്.
എം.കെ. കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ സർവിസ് സഹകരണ ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാനാണ് തിങ്കളാഴ്ച വിളിച്ചുവരുത്തിയത്. ഇ.ഡി പരിശോധന നടത്തിയ പിറ്റേന്ന് തന്നെ സെക്രട്ടറിയെ വിളിച്ചുവരുത്തിയത് കൂടാതെയാണ് കണ്ണനെ തന്നെ വിളിച്ചുവരുത്തിയത്. കരുവന്നൂർ ബാങ്കിൽനിന്ന് 27 കോടിയിലേറെ ബിനാമി വായ്പയായി തട്ടിയ പി.പി. കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോൾ ഇ.ഡി അന്വേഷിക്കുന്നത്.
കിരണിന് കരുവന്നൂരിൽനിന്ന് വായ്പ ലഭിക്കാൻ ഒന്നര കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരണമെന്ന് തട്ടിപ്പിലെ പ്രധാന പ്രതിയും മുൻ ബാങ്ക് മാനേജറുമായ ബിജു കരീം ആവശ്യപ്പെട്ടിരുന്നു. ഈ തുക നൽകിയത് സതീഷ് കുമാർ ആയിരുന്നു. ഈ തുക സതീഷ് കുമാർ കൈമാറിയത് കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിൽനിന്നായിരുന്നു.
ഈ അക്കൗണ്ട് ട്രാൻസ്ഫർ രേഖകൾ നേരത്തേ ഇ.ഡി പിടിച്ചെടുത്തിരുന്നു. അയ്യായിരത്തോളം ഇടപാട് രേഖകളാണ് സംശയകരമായി ഇ.ഡി അന്ന് പരിശോധനയിൽ കണ്ടെടുത്തത്. ഈ പണമാണ് പിന്നീട് പിൻവലിക്കാനെത്തിയപ്പോൾ സതീഷ് കുമാർ അറിയാതെ ബിജു കരീമും കിരണും കൂടി വകമാറ്റിയത്.
ഇതേ തുടർന്ന് സതീഷ് കുമാറും കിരണും തമ്മിൽ തർക്കമുണ്ടാവുകയും എ.സി. മൊയ്തീനോടും കണ്ണനോടും പരാതിപ്പെട്ടതിനെ തുടർന്ന് ഇരിങ്ങാലക്കുടയിലെ റിട്ട. ഡിവൈ.എസ്.പി വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. പിന്നാലെ സതീഷ് കുമാറിന് ഒന്നര കോടിക്ക് പകരം പലിശയടക്കം മൂന്നര കോടി നൽകിയാണ് അവസാനിപ്പിച്ചത്. ഈ തുക നൽകിയത് കരുവന്നൂർ ബാങ്കിൽ നിന്നാണ്.
മൂന്ന് ബാഗുകളിലായി ഈ പണം സതീഷിന്റെ വീട്ടിലെത്തിച്ചപ്പോൾ ഇപ്പോൾ ഇ.ഡിക്ക് പരാതി നൽകിയ അരവിന്ദാക്ഷൻ അടക്കമുള്ള സി.പി.എം നേതാക്കളും സ്ഥലത്ത് ഉണ്ടായിരുന്നെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണനിൽനിന്ന് ഇ.ഡി വിവരങ്ങൾ തേടുന്നത്.
ഇതോടൊപ്പം പരിശോധന നടത്തിയ അയ്യന്തോൾ സഹകരണ ബാങ്കിലെ കൂടുതൽ ഇടപാടുകളിലും സംശയത്തിലാണ്. ഇത് പരിശോധിക്കുകയാണ്. അടുത്ത ദിവസം ബാങ്ക് പ്രസിഡന്റിനെ വിളിച്ചുവരുത്തുമെന്നാണ് ഇ.ഡി പറയുന്നത്. കൂടാതെ മൊയ്തീന്റെ മണ്ഡലമായ കുന്നംകുളത്തെയും സമീപ മണ്ഡലങ്ങളായ മണലൂരിലെയും വടക്കാഞ്ചേരിയിലെയും ബാങ്കുകളിലെ വിവരങ്ങളും ഇ.ഡി തേടിയിട്ടുണ്ട്.
നിക്ഷേപ ഇടപാടുകൾ ഇവിടങ്ങളിലും നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സി.പി.എം നേതാക്കളുടെയും പല വ്യവസായ പ്രമുഖരുടെയടക്കം നിക്ഷേപങ്ങളും ഇടപാടുകളും തൃശൂർ സഹകരണ ബാങ്കിലടക്കം ഉണ്ട്. ഇ.ഡിക്കെതിരെ പരാതി ഉന്നയിച്ച പി.ആർ. അരവിന്ദാക്ഷൻ, അനൂപ് കാട അടക്കമുള്ളവരെയും വീണ്ടും ചോദ്യം ചെയ്യും. കണ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാവും മൊയ്തീൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുക. ബിനാമി വായ്പ തട്ടിപ്പിൽ എ.സി. മൊയ്തീനിനെതിരെ തെളിവുണ്ടെന്നാണ് ഇ.ഡി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.